ദില്ലി: സ്പൈനൽ മസ്കുലർ ട്രോഫി എന്ന അപൂർവ്വ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ്റെ മുഹമ്മദിൻ്റെ ചികിത്സയ്ക്ക് തുണയേകി കേന്ദ്രസർക്കാരും. മുഹമ്മദിൻ്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നിൻ്റെ ഇറക്കുമതി ചുങ്കവും ജിഎസ്ടിയും ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക്സഭാ എംപി ഇ.ടി.മുഹമ്മദ് ബഷീറിനെ അറിയിച്ചു. ഇറക്കുമതി ചുങ്കവും ജിഎസ്ടിയും അടക്കം 18 കോടിയോളം രൂപയാണ് ഈ മരുന്നിന് ചിലവുണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ നികുതിയളവ് നൽകണമെന്ന് അഭ്യർത്ഥിച്ച് ഇടി മുഹമ്മദ് ബഷീർ ധനമന്ത്രിയെ സമീപിക്കുകയായിരുന്നു. ആഗസ്റ്റ് ആറിന് എസ്.എം.എ രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്ക്ക് വേണ്ട സോൾജെൻസ്മ എന്ന മരുന്ന് കേരളത്തിൽ എത്തുമെന്ന് മുഹമ്മദിനെ ചികിത്സിക്കുന്ന ഡോക്ടമാർ അറിയിച്ചിട്ടുള്ളത്.
മുഹമ്മദിൻ്റെ കഥ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടു വരികയും പിന്നീട് സമൂഹമാധ്യമങ്ങൾ അതേറ്റെടുക്കുകയും ചെയ്തതോടെ ക്രൗഡ് ഫണ്ടിംഗ് വഴി കോടികളാണ് സഹയമായി എത്തിയത്. 46.78 കോടി രൂപ മുഹമ്മദിനായി സുമനസുകൾ സമാഹരിച്ചു. സമാന രോഗം ബാധിച്ച മുഹമ്മദിൻ്റെ സഹോദരി അഫ്രയുടെ ചികിത്സയ്ക്ക് കൂടി തുക വകയിരുത്തിയ ശേഷം ബാക്കി പണം എസ്.എം.എ രോഗം ബാധിച്ച മറ്റു കുട്ടികൾക്കായി ചിലവിടാനാണ് മുഹമ്മദ് ചികിത്സാ കമ്മിറ്റിയുടെ തീരുമാനം.