ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റിസർവ് ബാങ്ക്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) എന്നറിയപ്പെടുന്ന ഇവ ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കുമെന്നാണ് വിവരം.
ബിറ്റ്കോയിൻ ഉൾപ്പെടെ നിരവധി ക്രിപ്റ്റോ കറൻസികൾ രംഗം കീഴടക്കുന്നതിന് മുമ്പുതന്നെ നിരവധി ധനകാര്യ സ്ഥാപനങ്ങൾ ഒൗദ്യോഗികമായി അംഗീകരിക്കപ്പെടുന്നതും സമ്പദ്വ്യവസ്ഥയുടെ ഭാഗമായതുമായ ഡിജിറ്റൽ കറൻസി കൊണ്ടുവരികയെന്ന ആശയം മുന്നോട്ടുവെച്ചിരുന്നു. രാജ്യത്ത് സി.ബി.ഡി.സിയുടെ അവതരണം സാമ്പത്തിക മേഖലയിൽ പുത്തൻ ചുവടുവെപ്പിനുള്ള തുടക്കമാകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് പരമ്പരാഗത ബാങ്കിങ് രീതികളെ പൊളിച്ചെഴുതി നവീന ബാങ്കിങ് സാധ്യതകൾ ആവിഷ്കരിക്കുകയെന്നതാണ് റിസർവ് ബാങ്കിന്‍റെ ലക്ഷ്യം.
ഡിസംബറോടെ ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചിരുന്നു. ഡിജിറ്റൽ കറൻസിയിൽ ആർ.ബി.ഐ ശ്രദ്ധ പതിപ്പിക്കുകയാണെന്നും ആർ.ബി.ഐക്ക് മാത്രമല്ല, ലോകത്തിന് തന്നെ നൂതനമാണ് ഡിജിറ്റൽ കറൻസിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി
സെൻട്രൽ ബാങ്ക് നൽകുന്ന ഒരു ഡിജിറ്റൽ അല്ലെങ്കിൽ വിർച്വൽ കറൻസിയാണ് സി.ബി.ഡി.സി. ടെണ്ടർ രൂപത്തിലായിരിക്കും ഇവ റിസർവ് ബാങ്ക് പുറത്തിറക്കുക. നിലവിലെ കറൻസികളുടെ അതേ മൂല്യത്തിലായിരിക്കും ഡിജിറ്റൽ കറൻസികളും. അതിൽ പ്രധാനം, നിയമപരമായി അംഗീകരിക്കപ്പെട്ട കറൻസിയായിരിക്കും ഇവ. കൂടാതെ ഔദ്യോഗിക ധനകാര്യ സ്ഥാപനം സി.ബി.ഡി.സി ഇടപാടുകൾ അംഗീകരിക്കുകയും ചെയ്യും. പരസ്പരം ഇവ കൈമാറ്റം നടത്താൻ സാധിക്കും. എന്നാൽ ബിറ്റ്കോയിൻ പോലെയായിരിക്കില്ല. മറ്റൊരു ഫോർമാറ്റിലായിരിക്കും. നിലവിലെ നോട്ടുകളുടെ അതേ മൂല്യമായിരിക്കും ഡിജിറ്റൽ കറൻസികൾക്കും.
പണത്തിന്‍റെ ഇലക്ട്രോണിക് രൂപമാണ് ഡിജിറ്റൽ കറൻസി. പണത്തിന്‍റെ അതേ രീതിയിൽ ഇടപാടുകൾ നടത്താനും സാധിക്കും. മറ്റ് മധ്യവർത്തികളുടെയോ ബാങ്കുകളുടെയോ സാന്നിധ്യം ഇതിന് ആവശ്യമില്ല.
ഡിജിറ്റൽ കറൻസിയുടെ സുരക്ഷിതത്വം, ഡിജിറ്റൽ കറന്‍സി മൂലം വരുന്ന മാറ്റങ്ങൾ, പണനയം, നിലവിലുള്ള കറൻസിയെ ബാധിക്കുന്ന രീതി തുടങ്ങിയവ ആർ.ബി.െഎ പഠനവിധേയമാക്കുന്നുണ്ട്.
ബിറ്റ്കോയിൻ പോലല്ല
ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികൾക്ക് ഒരു സമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന പണത്തിന്‍റെ യഥാർഥ മൂല്യം ആയിരിക്കില്ല. മറ്റു പല ഘടകങ്ങളുടെയും സ്വാധീനത്താൽ മൂല്യം മാറിവരും. ഉദാഹരണത്തിന് ഒരു ബിറ്റ്കോയിൻ ഒരു രൂപക്ക് തുല്യമായിരിക്കില്ല. ക്രിപ്റ്റോ കറൻസികൾക്ക് ഒൗദ്യോഗിക ഇഷ്യൂവർ ഇല്ലയെന്നതാണ് മറ്റൊരു പ്രധാന കാര്യം. അതിനാൽ തന്നെ അവ അസ്ഥിരമായിരിക്കും. നിയമപരമായ യാതൊരു സംവിധാനവും അതിനെ ചുറ്റിപറ്റിയുണ്ടാകില്ല. എന്നാൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നത് ആർ.ബി.ഐ ആയിരിക്കും. അതിനാൽ പണമായി തന്നെ ഇവയെ കണക്കാക്കും.
ഡിജിറ്റൽ കറൻസിയിൽ ഇന്ത്യ എവിടെ?
വൻ ഡിജിറ്റൽ ആസ്തിയായി വെർച്വൽ കറൻസിയെ അവതരിപ്പിക്കാനാണ് ആർ.ബി.ഐയുടെ ലക്ഷ്യം. എന്നാൽ, വളരെ കുറച്ച് രാജ്യങ്ങൾ മാത്രമാണ് ഡിജിറ്റൽ കറൻസിയെന്ന ആശയം ഉൾെക്കാണ്ട് നീക്കങ്ങൾ നടത്തുന്നത്. ഭൗതിക പണമിടപാടുകൾ കുറക്കുന്നതും ആർ.ബി.ഐയുടെ ലക്ഷ്യത്തിൽ ഉൾപ്പെടും. ദീർഘാകാലാടിസ്ഥാനത്തിൽ ഡിജിറ്റൽ സാധ്യതകളായിരിക്കും കൂടുതൽ നിലനിൽക്കുകയെന്നും റിസർവ് ബാങ്ക് വിശ്വസിക്കുന്നു. പണമിടപാടുകൾ എളുപ്പത്തിൽ നടത്തുന്നതിനും ഒരു രാജ്യത്തുനിന്ന് മറ്റൊരിടത്തേക്ക് പണം അയക്കുന്നതിനും ഇതിലൂടെ സാധിക്കും.