ദില്ലി: സ്കൂളുകളും, കോച്ചിംഗ് സെൻ്ററുകളും തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്രസർക്കാർ. പ്രാദേശിക നിയന്ത്രണങ്ങളെ ആശ്രയിച്ച് സ്കൂളുകൾക്ക് പ്രവർത്തിക്കാം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോക്സഭയിൽ പറഞ്ഞു.
കേന്ദ്ര സർക്കാരിൻ്റേയും കൊവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജൻസികളുടേയും അനുമതി ലഭിച്ചാൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇന്ന് പറഞ്ഞിരുന്നു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് സ്കൂളുകൾ തുറക്കാനുള്ള സാധ്യത സർക്കാർ വ്യക്തമാക്കുന്നത്.