ദുബൈ: പ്രവാസി ഇന്ത്യക്കാരന് ദുബൈയില്‍ 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം. ഇന്ന് നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിലാണ് 57കാരനായ സാബുവിന് ഒന്നാം സമ്മാനം ലഭിച്ചത്. ദുബൈ വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് എഞ്ചിനീയറായി ജോലി ചെയ്യുന്ന ബംഗളുരു സ്വദേശിയായ അദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെ ഭാഗ്യം പരീക്ഷിക്കുകയാണ്.
‘ഇതൊരു വലിയ അത്‍ഭുതമാണെന്നായിരുന്നു’ സമ്മാനം ലഭിച്ച വിവരം അറിയിച്ചപ്പോള്‍ സാബുവിന്റെ പ്രതികരണം. തനിക്ക് സമ്മാനം ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവി പരിപാടികളെക്കുറിച്ച് ചോദിച്ചപ്പോള്‍, ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടായിരുന്ന വര്‍ഷമാണിതെന്നും അതുകൊണ്ടുതന്നെ സമ്മാനം ലഭിക്കുന്ന പണം കൊണ്ട് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ഒരു പങ്ക് മാറ്റിവെയ്‍ക്കുമെന്ന് ഒരു കുട്ടിയുടെ പിതാവ് കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം വിജയിയാവുന്ന 182-ാമത്തെ ഇന്ത്യക്കാരനാണ് സാബു. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിനുള്ള ടിക്കറ്റുകള്‍ എടുക്കുന്നവരിലും ഏറ്റവുമധികം പേര്‍ ഇന്ത്യക്കാര്‍ തന്നെയാണ്.