പുതിയ കൊവിഡ് വകഭേദം; സി.1.2 നെതിരെ മുന്‍കരുതലെടുത്ത് കേരളം, വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന

0
227

തിരുവനന്തപുരം: കൊറോണ വൈറസിന്റെ അതീവ അപകടകരമായ പുതിയ വകഭേദം സി.1.2 എട്ട് രാജ്യങ്ങളില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എടുക്കാന്‍ കേരളം. വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശിധന നടത്തും. ദക്ഷിണാഫ്രിക്ക ഉൾപ്പടെ എട്ട് രാജ്യങ്ങളിൽ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. 60 വയസിന് മുകളിൽ ഉള്ളവരിൽ വാക്സിനേഷൻ എത്രയും വേഗം പൂർത്തിയാക്കാനും തീരുമാനമായി. ഇന്നുചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

അതിവേഗം പടരാൻ ശേഷിയുള്ള സി.1.2 വൈറസിനെ മേയ്‌ മാസത്തിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ന്യുസിലാൻഡ്, പോർച്ചുഗൽ അടക്കം ഏഴു രാജ്യങ്ങളിൽ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയിൽ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019 ൽ വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിൽനിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകർ പറയുന്നു.

വരും ആഴ്ചകളിൽ ഈ വൈറസിന് കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാം. അങ്ങനെ വന്നാൽ വാക്സീൻകൊണ്ട് ഒരാൾ ആർജിക്കുന്ന പ്രതിരോധശേഷിയെ പൂർണ്ണമായി മറികടക്കാൻ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കും. അതിനാൽ ഈ വകഭേദത്തെപ്പറ്റി കൂടുതൽ ഗവേഷണങ്ങൾ ആവശ്യമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇതുവരെ ഇന്ത്യയിൽ C.1.2 റിപ്പോർട്ട് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here