തലപ്പാടി അതിർത്തിയിലെ നിയന്ത്രണം നീക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര ഇടപെടൽ നടത്തണം: മുസ്ലിം യൂത്ത് ലീഗ്

0
231

ഉപ്പള: തലപ്പാടിയിലെ കേരള – കർണാടക അതിർത്തിയിൽ കൊവിഡ് പരിശോധനയുടെ പേരിൽ കേരളത്തിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം നീക്കാൻ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടൽ വേണമെന്ന് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് എം.പി ഖാലിദ്, ജന: സെക്രട്ടറി ബി.എം മുസ്തഫ എന്നിവർ ആവശ്യപ്പെട്ടു.

കൊവിഡിൻ്റെ പേരിൽ ഒരു വിഭാഗം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ദക്ഷിണകർണാടക ജില്ലാ ഭരണകൂടത്തിൻ്റെയും കർണാടക സർക്കാരിൻ്റെയും ധിക്കാരപരമായ നടപടിയെ ഒരു കാരണവശാലും നീതികരിക്കാനാവില്ല.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും അതിർത്തി പ്രദേശത്തു നിന്നും ആശുപത്രി, വിദ്യഭ്യാസം, തൊഴിൽ എന്നീ ആവശ്യങ്ങൾക്കായി മംഗളൂരുവിനെ ആശ്രയിക്കുന്ന സാധാരണക്കാർ ഇതോടെ വലിയ ദുരിതത്തിലാണ്. അതിർത്തി കടക്കാൻ ആർ.ടി.പി.സി.ആർ പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം വിദ്യാർത്ഥികളും തൊഴിൽ ആവശ്യങ്ങൾക്കായി ദിവസേന മംളൂരുവിലേക്ക് പോയി മടങ്ങുന്നവരെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. തലപ്പാടി ഉൾപ്പെടെയുള്ള അതിർത്തികളിൽ യാത്രാ വിലക്കേർപ്പെടുത്തുക വഴി കഴിഞ്ഞ മൂന്ന് ദിവസമായി അതിർത്തിയിൽ മലയാളികൾ നേരിടുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് സംസ്ഥാന സർക്കാർ.

കർണാടക സർക്കാരിൻ്റെ ഇത്തരം ജനാധിപത്യ വിരുദ്ധ സമീപനത്തിനെതിരെ പ്രതികരിക്കാത്തതും കേരളത്തിൽ നിന്നുള്ളവരുടെ യാത്രാ ദുരിതം പരിഹരിക്കാനും സംസ്ഥാന സർക്കാർ ഇടപെടൽ നടത്താത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും യൂത്ത് ലീഗ് നേതാക്കളായ എം.പി ഖാലിദും ബി.എം മുസ്തഫയും കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here