‘ജലീലിന്റേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം’; ലീഗ് വേറെ ലെവലെന്ന് നജീബ് കാന്തപുരം

0
273

കെ ടി ജലീലിന്റേത് മലര്‍പൊടിക്കാരന്റെ പാഴ്കിനാവുകള്‍ മാത്രമാണെന്ന പരിഹാസവുമായി യുത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം. ജലീലിന്റെ ഇത്തരം കളികള്‍ ഇവിടെ നടക്കില്ലെന്നും അതിന് വേറെ ഗ്രൗണ്ട് നോക്കിയാല്‍ മതിയെന്നും നജീബ് പറഞ്ഞു. ലീഗ് പൊളിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത് അതിന് വേണ്ടി പച്ചക്കള്ളങ്ങള്‍ പറയുകയാണെന്നും നജീബ് കാന്തപുരം പ്രസ്താവനയില്‍ വ്യക്തമാക്കി.

‘കെ ടി ജലീലിന് കുറെ കിനാവുകളുണ്ട്. അത് വെറും മലര്‍പൊടിക്കാരന്റെ പാഴ്കിനാവുകള്‍ മാത്രമാണ്. ജലീല്‍ തുള്ളാന്‍ പറയുമ്പോള്‍ തുള്ളുകയും ചാടാന്‍ പറയുമ്പോള്‍ ചാടുകയും ചെയ്യുന്ന വ്യക്തികളും പാര്‍ട്ടികളുമുണ്ടാകും. അത് മുസ്ലിം ലീഗില്‍ നടക്കാത്തത് കൊണ്ടല്ലെ ജലീലിന് പാര്‍ട്ടി വിടേണ്ടി വന്നത്? അകത്ത് നിന്ന് കഴിയാത്തത് പുറത്ത് നിന്ന് ചെയ്യാനായി പിന്നീടുള്ള ശ്രമം. എന്നാല്‍ അതിവിടെ നടക്കില്ല ലീഗും അതിന്റെ പ്രവര്‍ക്കരും വേറെ ലെവലാണ്’, നജീബ് പറഞ്ഞു.

എത്ര കാലമായി കെ ടി ജലീല്‍ ചൂണ്ടയുമായി ഇറങ്ങിയിട്ടെന്ന് പറഞ്ഞ നജീബ് അധികാരവും പദവികളുമെല്ലാം കയ്യിലുണ്ടായിട്ടും എത്ര മുസ്ലിം ലീഗുകാര്‍ അതില്‍ കൊത്തിയിട്ടുണ്ടെന്നും ചോദിച്ചു. ജലീല്‍ അച്ചാരം വാങ്ങിയത് ഒരേയൊരു കച്ചവടത്തിനാണ്. അത് ലീഗ് പൊളിക്കാനുള്ള ക്വട്ടേഷനാണ്. അതിന് വേണ്ടി പറഞ്ഞ പച്ചക്കള്ളങ്ങള്‍ ന്യായീകരിക്കാന്‍ ഖുര്‍ ആനും ഹദീസും എത്ര നിരത്തി. ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് രാജ്യം പണിയാനിറങ്ങിയവരുടെ കൈക്കോടാലി മാത്രമാണ് കെ.ടി ജലീല്‍. മുസ്ലിം സമുദായം ആ സത്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതു സമൂഹം അതിനേക്കാള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും നജീബ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here