തിരുവനന്തപുരം: കോവിഡ് മഹാമാരിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും സമ്മാനിച്ച ദുരിത കാലത്താണ് ഇത്തവണ ഓണം എത്തുന്നത്. വലിയൊരു വിഭാഗം ജനങ്ങളും വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്. പുത്തൻ തുണിത്തരങ്ങളും സദ്യവട്ടങ്ങളും ഒക്കെ പലർക്കും ഇത്തവണ ഓർമ മാത്രമാകും. എന്നാൽ കേരളത്തിലെ 5.2 ലക്ഷം വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സന്തോഷിക്കാം. അവർക്കായി ഓണം ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. 311 കോടിയാണ് ബോണസ് നൽകാൻ സംസ്ഥാന സർക്കാരിന് ചെലവാകുക.
ബുധനാഴ്ചയാണ് 5.2 ലക്ഷം വരുന്ന സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസും ഉത്സവ ബത്തയും നൽകുന്ന കാര്യം ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചത്. ഇതിന് 311 കോടി രൂപ സർക്കാർ അധികമായി കണ്ടെത്തേണ്ടിവരും. നാലു മാസം മുൻപാണ് സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കാൻ സംസ്ഥാന സർക്കാർ 4850 കോടി രൂപ അനുവദിച്ചത്.
സംസ്ഥാന ആസൂത്രണ ബോർഡിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ അടക്കം 1.27 കോടി തൊഴിലാളികളും ജീവനക്കാരുമാണുള്ളത്. ഒന്നാം ലോക്ക്ഡൗൺ കാലത്ത് ഇവരിൽ 73 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് ബോർഡ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. അതായത് വെറും നാലു ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാനായി നികുതിദായകരുടെ 260 കോടി രൂപയാണ് സർക്കാർ ചെലവാക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് ഒരു ദിവസം പോലും തൊഴിൽ നഷ്ടമാകാത്ത വിഭാഗമാണ് സർക്കാർ ജീവനക്കാർ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാൻ തയാറാകണമെന്നാണ് ധനമന്ത്രി സർക്കാർ ജീവനക്കാരോട് അഭ്യർഥിക്കുന്നത്. 2018 പ്രളയകാലത്ത് സംഭാവന ചോദിച്ച സമയം ഒരു വിഭാഗം ജീവനക്കാർ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം ശമ്പളം വാങ്ങുന്ന എയ്ഡഡ് കോളജ് അധ്യാപകരിൽ 17 ശതമാനം മാത്രമാണ് സംഭാവന നൽകാൻ തയാറായത്.
മുൻ വർഷങ്ങളെ പോലെ വിവിധ സർക്കാർ പദ്ധതികളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും ഇത്തവണ ഉത്സവ ബത്ത ലഭിക്കും. ഇതിനായി 150 കോടി രൂപ വേണ്ടിവരും. കൂടാതെ 5000 രൂപ ഓണം അഡ്വാൻസായി ഇവർക്ക് ലഭിക്കും.