ന്യൂഡൽഹി ∙ കേരളസമൂഹത്തിന് അതിവേഗം പ്രായമേറുന്നുവെന്നും 60 വയസ്സിനു മുകളിലുള്ളവരുടെ ജീവിത നിലവാരത്തിൽ കേരളം പിന്നിലാണെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി നിർദേശിച്ച പ്രകാരം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റീറ്റീവ്നെസ് തയാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
60 വയസ്സിനു മുകളിലുള്ളവർ 50 ലക്ഷത്തിൽ താഴെയുള്ള 10 സംസ്ഥാനങ്ങളിൽ പ്രായമായവരുടെ ജീവിത നിലവാരത്തിൽ ഏഴാം സ്ഥാനത്താണു കേരളം. അദ്യ സ്ഥാനങ്ങളിൽ ഹിമാചൽപ്രദേശും ഉത്തരാഖണ്ഡുമാണ്. പ്രായമുള്ളവർ 50 ലക്ഷത്തിലധികമുള്ള സംസ്ഥാനങ്ങളിൽ രാജസ്ഥാനും മഹാരാഷ്ട്രയുമാണു മുന്നിൽ. 2011 ലെ സെൻസസ് അനുസരിച്ച് കേരള ജനസംഖ്യയുടെ 12.5% പ്രായമുള്ളവരാണ്. 2036 ൽ 60 വയസ്സിനു മുകളിലുള്ളവരുടെ അനുപാതം ഏറ്റവുമധികം ഉയരുന്നത് കേരളത്തിലായിരിക്കും.
തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങളും അതിവേഗം പ്രായമാകും. ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയവ താരതമ്യേന യുവത്വം നിലനിർത്തും. കുറഞ്ഞ പ്രത്യുത്പാദന നിരക്കാണു ദക്ഷിണേന്ത്യയിൽ പ്രായമായവരുടെ അനുപാതം വർധിപ്പിക്കുന്നത്.
ആരോഗ്യവുമായി ബന്ധപ്പെട്ട സൂചികയിലും കേരളം പിന്നിലാണ്. സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങൾ ശക്തമാണെങ്കിലും പ്രായമായവരിൽ വലിയൊരു വിഭാഗം പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങളുള്ളവരാണ്. 2031–2035ൽ കേരളത്തിലെ ആയുർദൈർഘ്യം 77.32 ആകും.