കുഞ്ഞ് ഇമ്രാന് വേണ്ടി സമാഹരിച്ച പണം എസ്എംഎ രോഗം ബാധിച്ച മറ്റുകുട്ടികളുടെ ചികിത്സയ്ക്ക്; മങ്കട സർക്കാർ ആശുപത്രിയിൽ പ്രത്യേക ബ്ലോക്ക് നിർമ്മിക്കും

0
241

പെരിന്തൽമണ്ണ: സ്‌പൈനൽ മസ്‌കുലർ അട്രോഫി -എസ്എംഎ രോഗം ബാധിച്ച് ജീവൻ നഷ്ടമായ കുഞ്ഞ് ഇമ്രാന് വേണ്ടി ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുക ഇതേ രോഗം ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കു നൽകും. ഇമ്രാൻ ചികിത്സാ സഹായ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. കൂടാതെ സർക്കാരിന്റെ അനുമതിയോടെ, ഇമ്രാന്റെ പേരിൽ മങ്കട ഗവ.ആശുപത്രിയിൽ കുട്ടികളുടെയും സ്ത്രീകളുടെയും ചികിത്സയ്ക്കായി പ്രത്യേക ബ്ലോക്ക് നിർമ്മിക്കാനും കമ്മിറ്റി തീരുമാനിച്ചു.

16.61 കോടി രൂപയാണ് ഇമ്രാന്റെ ചികിത്സയ്ക്ക് സഹായമായി ആകെ സംഭാവനയായി ലഭിച്ചത്. ചികിത്സയ്ക്കു വഴിയില്ലാതെ ജനകീയ കമ്മിറ്റി രൂപീകരിച്ചു ധനസമാഹരണം നടത്തുന്ന കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി 2 കോടി രൂപ വീതം 6 പേർക്കായി നൽകും. ക്രൗഡ് ഫണ്ടിങ് നടത്തി 8 ലക്ഷം രൂപയെങ്കിലും സമാഹരിച്ചവർക്കാണ് തുക നൽകുക. ബാക്കി തുക ആശുപത്രി ബ്ലോക്കിനായി ഉപയോഗിക്കും.

ഇപ്പോൾ എടുത്തിരിക്കുന്ന ഈ തീരുമാനം ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതിയുടെ നിർദേശം കൂടി പരിഗണിച്ചു തുടർ നടപടികൾ എടുക്കും. ഫണ്ട് വിനിയോഗം സംബന്ധിച്ച് സംഭാവന നൽകിയവരിൽ നിന്ന് ജനകീയ അഭിപ്രായം തേടിയിരുന്നു. 75 ശതമാനം പേർ ഇതേ രോഗം ബാധിച്ച മറ്റു കുട്ടികൾക്കു സഹായമായി നൽകണമെന്നും 25 ശതമാനം പേർ ഇമ്രാൻ സ്മാരകമായി കുട്ടികളെ ചികിത്സിക്കുന്നതിനുള്ള ആശുപത്രി നിർമ്മിക്കണം എന്നുമാണ് അഭിപ്രായപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here