കാസർകോട് : കാഞ്ഞങ്ങാട്ടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്ന് ചാടിയ മയക്കുമരുന്ന് കേസിലെ പ്രതി വീണ്ടും പിടിയിൽ. ബേവിഞ്ച മൂലടുക്കത്തെ വാടകവീട്ടിൽ താമസിക്കുന്ന നൗഷാദ് ഷെയ്ഖ്(36) ആണ് അറസ്റ്റിലായത്.
കാസർകോട് ഇൻസ്പെക്ടർ പി.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്. കഴിഞ്ഞ മാർച്ചിലാണ് നൗഷാദിനെ അമ്പലത്തറയിൽനിന്ന് മയക്കുമരുന്നുമായി പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് ബാധിതനാണെന്ന് തിരിച്ചറിഞ്ഞതോടെ കാഞ്ഞങ്ങാട്ടെ ഗുരുവനം ഒന്നാംതല കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
നാലുദിവസം പിന്നിട്ടപ്പോഴാണ് നൗഷാദ് ഇവിടെനിന്ന് ചാടിയത്. ഇവിടെനിന്നും ഇയാൾ െബംഗളൂരുവിലേക്ക് കടക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
തളങ്കരയിലെ സുഹൃത്തിനെ കാണാൻ നൗഷാദ് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് നൗഷാദിനെ പിടികൂടിയത്.
നൗഷാദിനെതിരെ ബദിയടുക്കയിലും മയക്കുമരുന്ന് കടത്തിയതിന് കേസുണ്ട്.