കോണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്ന ഓണം മുഹറം ചന്ത എന്നതിലെ മുഹറം ഒഴിവാക്കണമെന്ന് മുസ്‌ലിം ലീഗ്. മുസ്ലിംങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തിട്ട് ഇപ്പോള്‍ പൊടിക്കൈകള്‍ കാണിക്കുന്നതിന്റെ ഭാഗമാണ് സര്‍ക്കാറിന്റെ ഇത്തരം നടപടികള്‍ എന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം കുറ്റപ്പെടുത്തി. മുഹറം ഓണത്തെ പോലെ ഒരു ആഘോഷമല്ല മുസ്ലീങ്ങള്‍ക്ക് നൊമ്പരപ്പെടുത്തുന്ന യൂദ്ധ ദുരന്തങ്ങളുടെ സ്മരണയാണ്. മുഹറം മുസ്‌ലിം സമുദായത്തിന് ആഘോഷമല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക കാര്യങ്ങളില്‍ സര്‍ക്കാരിന് ആരാണ് ഉപദേശം നല്‍കുന്നതെന്നറിയില്ല. കോണ്‍സ്യൂമര്‍ഫെഡ് മുഹറം ചന്ത നടത്തുന്നത് മുസ്‌ലിം സമുദായത്തെ അടുപ്പിക്കാനുള്ള വിദ്യകളുടെ ഭാഗമാണ്. മുഹറം ഓണത്തെ പോലെ ഒരു ആഘോഷമല്ല മുസ്ലീങ്ങള്‍ക്ക്. വ്രതമെടുത്ത് പ്രാര്‍ത്ഥനാ നിര്‍ഭരമായി ചിലവഴിക്കുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്. ഓണത്തിന് ഒപ്പം മുഹറം എഴുതി ചേര്‍ക്കുന്നതിലൂടെ ഞൊട്ട്‌ലൊടുത്ത് വിദ്യകള്‍ കാട്ടി മുസ്ലീംങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. ചെഗുവേരയോട് ഒപ്പം സ്വര്‍ഗത്തില്‍ പോവാന്‍ ആഗ്രഹിക്കുന്നു എന്ന് കരുതുന്നവര്‍ ഇടപെട്ടാല്‍ ഇങ്ങനെയെല്ലാം സംഭവിക്കും എന്നും പിഎംഎ സലാം പരിഹസിച്ചു. മുഹറം ഒന്ന് പുതുവത്സരം ആണെങ്കില്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലീം സമുദായത്തിന് ലഭിക്കേണ്ട ന്യായമായ അനുകൂല്യമങ്ങള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ഒരു ലജ്ജയുമില്ലാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അദ്ദേഹം പ്രതികരിച്ചു. അര്‍ഹമായ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി. സര്‍ക്കാര്‍ വലിയ സഹായമായി ചൂണ്ടിക്കാട്ടുന്ന കിറ്റ് മുസ്ലീം വിഭാഗത്തിന്റെ വലിയ ആഘോഷമായ ബലി പെരുന്നാള്‍ നടന്ന ജൂലായില്‍ കൊടുത്തില്ല. ജൂണ്‍ വരെ നല്‍കി, ജൂലായില്‍ ഉണ്ടായില്ല. കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ മൂലം ജനങ്ങള്‍ പ്രതിസന്ധി നേരിട്ട കാലത്ത് വന്ന വലിയ പെരുന്നാളിന് കിറ്റ് കൊടുക്കാതെയാണ് ഇപ്പോള്‍ മുഹറം ചന്ത ഉണ്ടാകുന്നത്. പ്രകടമാണ് ഇതിന് പിന്നിലെ ലക്ഷ്യങ്ങള്‍. ഇത്തരം നടപടികളിലൂടെ മുസ്ലീംങ്ങള്‍ ഒപ്പം നില്‍ക്കുമെന്ന തെറ്റിദ്ധാരണയാണ് സര്‍ക്കാറിന്. അതിനെ കുറിച്ച ബഹുജനങ്ങള്‍ ചിന്തിക്കും. കോവിഡ് പ്രതിരോധത്തില്‍ കേരളം പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.