ഐഎന്‍എല്ലിലെ തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് ഇടത് മുന്നണി. അടുത്ത എല്‍ഡിഎഫ് യോഗത്തിലേക്ക് ഐഎന്‍എല്ലിനെ ക്ഷണിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. മുന്നണിക്ക് ദോഷമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കരുത് എന്ന സിപിഐഎം കര്‍ശന നിര്‍ദേശം നല്‍കിയിട്ടും പ്രവര്‍ത്തകരുള്‍പ്പെടെ തെരുവിന്‍ തമ്മിലടിക്കുന്ന നിലയുണ്ടായതും, പാര്‍ട്ടി പിളരാന്‍ ഇടയാക്കിയതുമാണ് നിലപാട് ശക്തമാക്കിയതിന് പിന്നില്‍. ഐഎന്‍എല്ലിലെ ഇരുവിഭാഗത്തേയും വിളിച്ചുവരുത്തി സിപിഐഎം മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും സമവായമുണ്ടാക്കാന്‍ ഐഎന്‍എല്ലിന് കഴിഞ്ഞിരുന്നില്ല. ഒരുമിച്ച് പോയില്ലെങ്കില്‍ മുന്നണിയില്‍ സ്ഥാനമാനമുണ്ടാകില്ലെന്ന ശക്തമായ സന്ദേശം കൂടിയാണ് ഇതിലൂടെ സിപിഐഎം ഐഎന്‍എല്ലിന് നല്‍കുന്നത്.
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ മുന്നണിയില്‍ നിന്നും പുറത്താക്കുമെന്ന നിലപാടാണ് എല്‍ഡിഎഫ് നേതൃത്വം നല്‍കിയിരിക്കുന്ന സന്ദേശം. അടുത്ത മുന്നണി യോഗത്തിലേക്ക് വിളിക്കില്ലെന്ന് എല്‍ഡിഎഫ് നേതൃത്വം ഐഎന്‍എല്ലിനെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭിന്നിച്ച് നില്‍ക്കുന്ന വിഭാഗങ്ങളില്‍ ആരെയും യോഗത്തിലേക്ക് വിളിക്കില്ലെന്നുമാണ് എല്‍ഡിഎഫ് നേതൃത്വത്തിന്റെ നിലപാട്.
ഐഎന്‍എല്‍ വിഭാഗങ്ങളെ സമവായത്തിലെത്തിക്കാന്‍ മുസ്ലീം സമുദായത്തിലെ കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ ഉള്‍പ്പെടെ നടത്തിയിരുന്നു. ഇതും പരാജയപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്ന ചര്‍ച്ചകള്‍ നടന്നതായി ഐഎന്‍എല്‍ നേതാക്കളും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ഇത് പരാജയപ്പെട്ടെന്നും ഇപ്പോള്‍ നടപടികള്‍ ഒന്നും നടക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്.
നേരത്തെ ഹജ്ജ കമ്മറ്റി പുനഃസംഘടിപ്പിച്ചപ്പോഴും ഐഎന്‍എല്ലിന് പ്രാതിനിധ്യം കിട്ടിയിരുന്നില്ല. വിഭാഗീയതയെ തുടര്‍ന്ന് രണ്ട് തലത്തില്‍ പോകുന്ന ഐഎന്‍എല്ലിനെ ഒഴിവാക്കിയാണ് സര്‍ക്കാര്‍ ഹജ്ജ്കമ്മറ്റി കഴിഞ്ഞ ദിവസം പുനഃസംഘടിപ്പിച്ചത്. ഇടതുമുന്നണിയില്‍ അംഗമല്ലാതിരുന്ന കാലത്തും 2006 മുതല്‍ ഐഎന്‍എല്ലിന്റെ പ്രതിനിധിയുണ്ടായിരുന്നു. നീലേശ്വരം നഗരസഭ കൌണ്‍സിലറായ ഷംസുദ്ദീന്‍ അരിഞ്ചിറയായിരുന്നു നിലവിലെ അംഗം. കഴിഞ്ഞ ദിവസം കമ്മറ്റി പുനഃസംഘടിപ്പിച്ചതോടെയാണ് പ്രാതിനിധ്യം നഷ്ടപ്പെട്ടത്.