ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായി വാട്ട്‌സ്ആപ്പ് ധാരാളം പുതിയ ഫീച്ചറുകള്‍ ചേര്‍ക്കുന്നുണ്ട്. എന്നാല്‍ ഇതുവരെയും ഇവര്‍ മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ നല്‍കിയിരുന്നില്ല. ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകള്‍ ഇതിനകം തന്നെ ഉപയോക്താക്കള്‍ക്ക് മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ നല്‍കുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോള്‍, വാട്‌സ്ആപ്പ് അത് നല്‍കാന്‍ ഒരുങ്ങുകയാണ്. ഇമോജി ഐക്കണുകളുള്ള മെസേജുകളോട് റിയാക്ട് ചെയ്യാന്‍ ഈ ഫീച്ചര്‍ അനുവദിക്കും, ഇത് ഫേസ്ബുക്കിലെ പോസ്റ്റുകളോട് സമാനമാണ്.
ഇന്‍സ്റ്റാഗ്രാമില്‍, ഇമോജികള്‍ അയയ്ക്കാന്‍ ദീര്‍ഘനേരം അമര്‍ത്തുകയും പോപ്പ് അപ്പ് ചെയ്യുന്ന ഒന്നില്‍ നിന്നും ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കുകയുമാണ് മാര്‍ഗം. തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, നിങ്ങള്‍ ആരുടെ സന്ദേശത്തോട് പ്രതികരിച്ചുവോ ആ വ്യക്തിക്ക് അതേ പ്രതികരണത്തിനുള്ള അറിയിപ്പ് ലഭിക്കും. വാട്ട്‌സ്ആപ്പ് ഈ ഫീച്ചര്‍ സമാനമായ രീതിയില്‍ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇമോജികളുടെ തിരഞ്ഞെടുപ്പ് ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും വ്യത്യസ്തമാകുമോ അതോ സമാനമാണോ എന്ന് നിലവില്‍ വ്യക്തമല്ല.
വാട്ട്‌സ്ആപ്പിന്റെ കാലഹരണപ്പെട്ട പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയില്ല. പഴയ പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കുന്ന ഒരു സന്ദേശം ഇത് പ്രദര്‍ശിപ്പിക്കും. ഈ സാഹചര്യത്തില്‍, ഉപയോക്താവിന് പ്രതികരണം കാണാന്‍ കഴിയില്ല, അത് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടും.
ഈ ഫീച്ചര്‍ ആദ്യം വാട്ട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലും തുടര്‍ന്ന് ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാകും. ഈ സവിശേഷത നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാവി അപ്‌ഡേറ്റില്‍ ലഭ്യമാക്കുമെന്നും ഉദ്ധരിച്ച ഉറവിടം റിപ്പോര്‍ട്ട് ചെയ്തു.