ഇ-റുപ്പി: പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനം പുറത്തിറക്കി പ്രധാനമന്ത്രി മോദി

0
320

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനം ‘ഇ-റുപ്പി’ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അവതരിപ്പിച്ചു. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ സംവിധാനം. വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും ഇത് സഹായകമാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇ-റുപ്പി വികസിപ്പിച്ചത്. ക്യൂ.ആര്‍ കോഡ്, എസ്എംഎസ് വഴി ലഭിക്കുന്ന ഇ-വൗച്ചര്‍ എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കറന്‍സി രഹിത, കടലാസ് രഹിത സംവിധാനമാണിത്. ഗുണഭോക്താക്കളുടെ മൊബൈള്‍ ഫോണില്‍ ലഭിക്കുന്ന ഇ വൗച്ചര്‍ ഉപയോഗിച്ച് അവര്‍ക്ക് വിവിധ സേവനങ്ങള്‍ നേടാം.

തുടക്കത്തില്‍ ആരോഗ്യ സംരക്ഷണ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കാവും ഇതിന്റെ പ്രയോജനം ലഭിക്കുക. ”ഉദാഹരണത്തിന് സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍നിന്ന് 100 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് ഇ-റുപ്പി ഉപയോഗിക്കാം. അവര്‍ക്ക് ഇ-റുപ്പി വൗച്ചര്‍ 100 പേര്‍ക്ക് നല്‍കാം. അവര്‍ ചെലവഴിക്കുന്ന തുക കോവിഡ് വാക്‌സിനേഷന് മാത്രമായി ഉപയോഗിക്കപ്പെടും” – പ്രധാനമന്ത്രി പറഞ്ഞു.

വൈകാതെ കൂടുതല്‍ സേവനങ്ങള്‍ ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. ചികിത്സാ സഹായം, സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്താനാകും. മാതൃശിശു സംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ട് മരുന്നുകളും പോഷകാഹാരവും വിതരണം ചെയ്യാന്‍ ഈ സംവിധാനം ഉപയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ ഉള്‍പ്പെടുന്ന ക്ഷയഗോര നിവാരണം, മരുന്ന് വിതരണം തുടങ്ങിയവയ്ക്കും വളം സബ്‌സിഡി വിതരണം അടക്കമുള്ളവയ്ക്കും ഇത് ഉപയോഗിക്കാന്‍ കഴിയും. സ്വകാര്യ മേഖലയ്ക്കും അവരുടെ ജീവനക്കാരുടെ ക്ഷേമത്തിനായും സാമൂഹ്യ പ്രതിബദ്ധത തെളിയിക്കാനും ഡിജിറ്റല്‍ വൗച്ചറുകള്‍ ഉപയോഗിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇ-റുപ്പി ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പുതിയ മുഖം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.

ആധുനിക സാങ്കേതികവിദ്യ രാജ്യത്ത് സത്യസന്ധത എങ്ങനെ ഉറപ്പാക്കുന്നു എന്നകാര്യം ലോകം വീക്ഷിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് അതിന്റെ പ്രാധാന്യം നാം നേരിട്ട് അറിഞ്ഞതാണ്. പാവപ്പെട്ടവരെ സഹായിക്കുന്നത് എങ്ങനെ എന്ന് ആലോചിച്ച് വലിയ രാജ്യങ്ങള്‍ പോലും ബുദ്ധിമുട്ടിയപ്പോള്‍ ഇന്ത്യയില്‍ അതിനുള്ള സംവിധാനങ്ങള്‍ എല്ലാം ഉണ്ടായിരുന്നു. ബാങ്കുകളും പോസ്റ്റ് ഓഫീസുകളും തുറക്കണമെന്ന് പല രാജ്യങ്ങളിലും ആവശ്യം ഉയര്‍ന്നപ്പോഴും ഇന്ത്യയില്‍ സാമ്പത്തിക സഹായം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുകയാണ് ചെയ്തത്. 90 കോടി ഇന്ത്യക്കാര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നു. റേഷന്‍, പാചകവാതകം, ആരോഗ്യ പരിചരണ സംവിധാനങ്ങള്‍, പെന്‍ഷന്‍, വിദ്യാഭ്യാസ സഹായം എന്നിവയെല്ലാം ബാങ്ക് അക്കൗണ്ടിലേക്ക് എത്തി. കര്‍ഷകര്‍ക്കും സഹായം ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിലവില്‍ 11 പൊതു – സ്വകാര്യ മേഖലാ ബാങ്കുകള്‍ ഇ-റുപ്പിയെ പിന്‍തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ഇ-റുപ്പി കൂപ്പണുകള്‍ നല്‍കുകയും സ്വീകരിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാനറാ ബാങ്ക്, ഇന്‍ഡസ് ലാന്‍ഡ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കോടക് മഹീന്ദ്ര ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ തത്കാലം ഈ-റുപ്പി കൂപ്പണുകള്‍ വിതരണം ചെയ്യുക മാത്രമാവും ചെയ്യുക. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഇ-റുപ്പിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി ബാങ്കുകളെ സമീപിക്കാം. ഗുണഭോക്താക്കളെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാവും തിരിച്ചറിയുക.

LEAVE A REPLY

Please enter your comment!
Please enter your name here