ഇളവുകൾ ഇന്നുമുതൽ വീണ്ടും; 3 ദിവസത്തിൽ പിഴ ചുമത്തിയത് 4 കോടിയിലേറെ

0
243

തിരുവനന്തപുരം ∙ പരിഷ്കരിച്ച ലോക്ഡൗൺ നിബന്ധനകൾ ഇന്നുമുതൽ പതിവുപോലെ തുടരും. ബാങ്കുകൾ, വ്യാപാര–വ്യവസായ സ്ഥാപനങ്ങൾ, തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ ആഴ്ചയിൽ 6 ദിവസവും സർക്കാർ ഓഫിസുകൾ ആഴ്ചയിൽ 5 ദിവസവും തുറക്കാമെന്നാ‍ണ് ഉത്തരവ്.

കടകളിലും ബാങ്കുകളിലും മറ്റും പ്രവേശനത്തിനു നിർദേശിച്ച, വാക്സിനേഷൻ ഉൾപ്പെടെയുള്ള വിവാദ വ്യവസ്ഥകൾ തൽക്കാലം കർശനമാ‍ക്കിയിട്ടില്ല. അതേസമയം, മാ‍സ്ക് ധരിക്കാത്തതിന്റെയും കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നതിന്റെയും പേരിൽ പൊലീസ് വ്യാപകമായി പിഴ ഈടാക്കുന്നുണ്ട്. സംസ്ഥാനത്ത് 3 ദിവസത്തിനിടെ ഏകദേശം 70,000 പേരിൽനിന്നു പിഴയായി 4 കോടിയിലേറെ രൂപയാണ് ഈടാക്കിയത്.

ഓരോ പൊലീസ് സ്റ്റേഷനിലും പ്രതിദിനം 30 കേസുകളെങ്കിലും എടുക്കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം. കോവിഡ് പ്രതിസന്ധിയെത്തുടർന്നു പണമില്ലാതെ ജനം നട്ടം തിരിയുന്ന ഓണക്കാലത്തും ഇത്തരം നടപടികൾ തുടരുന്നതിനെതിരെ ജനങ്ങൾക്കിടയിലും പൊലീസിലെ താഴെത്തട്ടിലും അമർഷമുണ്ട്. അതേസമയം, നിയമലംഘനത്തിനു ചട്ടപ്രകാരമുള്ള നടപടി‍കളാണു സ്വീകരിക്കുന്നതെന്നു ഉന്നത പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

അടുത്ത രണ്ടു ഞായർ ലോക്ഡ‍ൗൺ ഇല്ല

ഞായർ ലോക്ഡൗൺ ഇന്നലെ താൽക്കാലികമായി അവസാനിച്ചു. അടുത്ത രണ്ടു ഞായറാഴ്ചകളായ 15നും 22നും ലോക്ഡൗൺ ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here