സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചാരണ കേസിൽ​ സൗദിയിൽ തടവിലായ ഹരീഷ് മോചനം നേടി​ നാടണഞ്ഞു

0
269

റിയാദ്: സൗദി അറേബ്യയില്‍ വിദ്വേഷജനകമായ സാമൂഹിക മാധ്യമ പോസ്റ്റിന്റെ പേരില്‍ ജയിലിലായ കര്‍ണാടക സ്വദേശി മോചിതനായി നാട്ടിലേക്ക് മടങ്ങി. മക്കയിലെ കഅ്ബയേയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനേയും മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ട കുറ്റത്തിനാണ് കര്‍ണാടക, ബീജാദി സ്വദേശി ഹരീഷ് സഞ്ജീവന ബംഗേര (34) സൗദി പൊലീസിന്റെ പിടിയിലായി രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ നേരിട്ടത്. കഴിഞ്ഞ ദിവസം ദമ്മാമില്‍ നിന്ന് നാട്ടിലെത്തി.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന ഇയാളുടെ ഫേസ്ബുക്ക് പേജില്‍ കഅ്ബയുടെ വികലമാക്കിയ ചിത്രവും സല്‍മാന്‍ രാജാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റും പ്രത്യക്ഷപ്പെടുകയായിരുന്നു. ആളുകള്‍ വിളിച്ച് പോസ്റ്റ് നീക്കം ചെയ്യാന്‍ ഇയാളോട് ആവശ്യപ്പെട്ടു. തനിക്ക് തെറ്റുപറ്റിയതാെണന്നും ക്ഷമിക്കണമെന്നും അഭ്യര്‍ഥിച്ചുകൊണ്ട് ഇയാള്‍ പിന്നീട് ഫേസ്ബുക്കില്‍ മാപ്പപേക്ഷ പോസ്റ്റ് ചെയ്തു. എന്നാല്‍ അപ്പോഴേക്കും ആദ്യ പോസ്റ്റ് സൗദിയിലെ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയും അറസ്റ്റ് ചെയ്ത് ജയിലടക്കുകയും ചെയ്തു. ഫേസ്ബുക്ക് അകൗണ്ട് ഹാക്ക് ചെയ്ത് മറ്റ് രണ്ടാളുകള്‍ മുന്‍വൈരാഗ്യം തീര്‍ത്തതാണെന്ന് ഹരീഷിന്റെ കുടുംബം പരാതിപ്പെട്ടു. ഭാര്യ സുമന സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് ഈ രീതിയില്‍ പരാതി അയച്ചു.

ഹരീഷിന്റെ ഫേസ്ബുക്ക് അകൗണ്ട് ഹാക്ക് ചെയ്ത കുറ്റത്തിന് രണ്ട് പേരെ ഇതിനിടെ കര്‍ണാടക ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തു. ഇത് സൗദിയിലെ കേസില്‍ ഹരീഷിന് അനുകൂല തെളിവായി മാറി. ഇന്ത്യന്‍ എംബസിയുടെയും സാമൂഹികപ്രവര്‍ത്തകരുടെയും ശ്രമഫലമായി ജയില്‍ മോചിതനായ ഹരീഷിന് ദമ്മാമിലെ മംഗളുരു അസോസിയേഷന്‍  പ്രസിഡന്റ് ഷരീഫ് കര്‍ക്കേല വിമാന ടിക്കറ്റ് സൗജന്യമായി നല്‍കി. ജയില്‍ മോചനത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകരായ മണിക്കുട്ടനും മഞ്ജു മണിക്കുട്ടനുമാണ്. ബംഗളുരു വിമാനത്താവളത്തില്‍ എത്തിയ ഹരീഷിനെ ഭാര്യയും മകളും ചേര്‍ന്ന് സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here