വിലക്കിഴിവ് നല്‍കാതിരിക്കാന്‍ ഡീലര്‍ഷിപ്പിനെ ഭീഷണിപ്പെടുത്തി, മാരുതിക്ക് പിഴ 200 കോടി!

0
309

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് 200 കോടി രൂപ പിഴ.  ഡീലർമാരുടെ ഡിസ്‍കൌണ്ട് നിയന്ത്രിച്ചതിനും പാസഞ്ചർ വാഹന വിഭാഗത്തിലെ വിപണി മത്സരം നിയന്ത്രിക്കാന്‍ ഇടപെട്ടതിനും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്.

പാസഞ്ചർ വാഹന വിഭാഗത്തിൽ ഡിസ്‍കണ്ട് നടപ്പാക്കുന്നതിലെ ഇടപെടലിലൂടെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) റീസെയിൽ പ്രൈസ് മെയിന്റനൻസ് (ആർപിഎം) മത്സരവിരുദ്ധമായ പെരുമാറ്റത്തിൽ ഏർപ്പെട്ടെതായി കണ്ടെത്തിയെന്നും അതിനാല്‍ കമ്പനിക്ക് 200 കോടി രൂപ പിഴ ചുമത്തിയെന്നും  കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നതായി മണി കണ്ട്രോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.  എം‌സി‌ഐ‌എല്ലിന് അതിന്റെ ഡീലർമാരുമായി ഒരു കരാറുണ്ടെന്ന് കണ്ടെത്തിയെന്നും ഈ കരാര്‍ ഉപയോഗിച്ച് എം‌എസ്‌ഐ‌എൽ നിർദ്ദേശിച്ചതിനപ്പുറം കിഴിവുകൾ ഉപഭോക്താക്കൾക്ക് നൽകുന്നതിൽ നിന്ന് ഡീലർമാരെ കമ്പനി തടഞ്ഞെന്നും കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ കണ്ടെത്തി.

മാരുതിക്ക് അതിന്റെ ഡീലർമാർക്കായി ഒരു ‘ഡിസ്‍കണ്ട് കൺട്രോൾ പോളിസി’ നിലവിലുണ്ടായിരുന്നു എന്ന അമ്പരപ്പിക്കുന്ന കണ്ടെത്തലാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നടത്തിയതെന്നതാണ് കൌതുകകരം. ഈ പോളിസി ഉപയോഗിച്ച് മാരുതി അനുവദിച്ചതിനപ്പുറം ഉപഭോക്താക്കൾക്ക് അധിക കിഴിവുകളും സൗജന്യങ്ങളും മറ്റും നൽകുന്നതിൽ നിന്ന് ഡീലർമാർ കമ്പനി നിരുത്സാഹപ്പെടുത്തി. ഒരു ഡീലർ അധിക കിഴിവുകൾ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മാരുതിയുടെ  മുൻകൂർ അനുമതി നിർബന്ധമായിരുന്നു. അത്തരം ഡിസ്‍കൊണ്ട് കൺട്രോൾ നയം ലംഘിക്കുന്നതായി കണ്ടെത്തിയ ഏതൊരു ഡീലർഷിപ്പിനെയും പിഴ ചുമത്തുമെന്ന് പറഞ്ഞ് കമ്പനി ഭീഷണിപ്പെടുത്തി. ഡീലര്‍ഷിപ്പിനെ മാത്രമല്ല സെയിൽസ് എക്സിക്യൂട്ടീവ്, റീജണൽ മാനേജർ, ഷോറൂം മാനേജർ, ടീം ലീഡർ മുതലായ വ്യക്തികൾക്കും പിഴ ചുമത്തുമെന്ന് മാരുതി ഭീഷണിപ്പെടുത്തിയെന്ന് കണ്ടെത്തിയതായും മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ആരോപണങ്ങളെക്കുറിച്ച് 2019 ൽ തന്നെ സിസിഐ അന്വേഷണം ആരംഭിച്ചിരുന്നു. മാരുതി തങ്ങളുടെ ഡീലർമാർക്ക് അവർ വാഗ്ദാനം ചെയ്യുന്ന ഡിസ്കൗണ്ടുകൾ പരിമിതപ്പെടുത്താൻ പ്രേരിപ്പിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.   ഡീലർമാരെ സ്വതന്ത്രമായി പ്രവർത്തിക്കാന്‍ അനുവദിക്കാതെ കമ്പനി വിപണിയിലെ ഫലപ്രദമായ മത്സരത്തെ തടഞ്ഞെന്നും കുറഞ്ഞ വിലയുടെ പ്രയോജനം നേടാനാവത്തത് ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുന്നു എന്നുമായിരുന്നു ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here