രാജ്യത്ത് രണ്ടാംതരംഗം അവസാനിച്ചിട്ടില്ല, അടുത്ത 2 മാസം നിര്‍ണായകം; കേരളം പരിശോധന കൂട്ടണം-കേന്ദ്രം

0
250

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉത്സവങ്ങളും ആഘോഷങ്ങളുമുള്ള അടുത്ത രണ്ടുമാസങ്ങള്‍ അതീവ നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. കേരളത്തില്‍ പരിശോധന കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീട്ടില്‍ കഴിയുന്ന കോവിഡ് ബാധിതരെ സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഹോ ഐസൊലേഷനില്‍ കഴിയുന്നവരുടെ നിരീക്ഷണം വളരെ ശക്തമാക്കണമെന്നാണ് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. കാരണം കേരളത്തില്‍ എണ്‍പതു ശതമാനത്തോളം കോവിഡ് ബാധിതര്‍ ഹോം ഐസൊലേഷനിലാണ് കഴിയുന്നത്. അവര്‍ മറ്റുള്ളവരുമായി ബന്ധപ്പെടുന്നോ എന്ന ആശങ്കയാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇന്ന് പങ്കുവെച്ചത്. അതിനാല്‍ത്തന്നെ സംസ്ഥാന സര്‍ക്കാരിനോട് ഹോം ഐസൊലേഷനില്‍ കഴിയുന്നവരുട നിരീക്ഷണം ശക്തമാക്കണമെന്ന നിര്‍ദേശം കേന്ദ്രം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിനു പുറമേ കേരളത്തിലെ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും കേന്ദ്രം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ 51 ശതമാനവും കേരളത്തിലാണെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇന്ന് അറിയിച്ചിരിക്കുന്നത്. സ്ഥിതി ഗൗരവതരമായതിനാല്‍ തന്നെ ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, സംസ്ഥാന ചീഫ് സെക്രട്ടറിയുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിവരികയാണ്. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം പൂര്‍ണമായും ഒഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. അടുത്ത രണ്ടുമാസങ്ങളില്‍ ദീപാവലി ഉള്‍പ്പെടെ നിരവധി ഉത്സവങ്ങള്‍ വരാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ രണ്ടു മാസങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും മാസ്‌ക് ധരിക്കുന്നതില്‍ യാതൊരു വീഴ്ചയും വരുത്തരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here