രണ്ടാഴ്ച മുന്‍പ് ഉമ്മ പോയി, ഇപ്പോള്‍ ബാപ്പയും; തനിച്ചായി ഏകമകള്‍

0
435

ലച്ചിത്ര നിര്‍മാതാവായിരുന്നുവെങ്കിലും പാചകരംഗത്തായിരുന്നു നൗഷാദിന് ഏറെ ആരാധകരുണ്ടായിരുന്നത്. സൗമ്യമായ പുഞ്ചിരിയും ലാളിത്യമാര്‍ന്ന അവതരണ ശൈലിയുമാണ് നൗഷാദിനെ വ്യത്യസ്തനാക്കിയിരുന്നത്. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം ഏറെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു.

കുറച്ച് കാലങ്ങളായി തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നൗഷാദ്. അതിനിടെയാണ് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ ഷീബയുടെ മരണം വല്ലാതെ തളര്‍ത്തി. രണ്ടാഴ്ചകള്‍ക്കു ശേഷം അദ്ദേഹവും മരണത്തിന് കീഴടങ്ങി.

പതിമൂന്ന് വയസ്സുകാരിയായ നഷ്‌വയാണ് ഇവരുടെ ഏക മകള്‍. മാതാവിന്റെ മരണം നല്‍കിയ മാനസികാഘാതത്തിലായിരുന്നു നഷ്‌വ. അതൊടൊപ്പം പിതാവ് തിരികെ വരുമെന്ന പ്രതീക്ഷയിലും. എന്നാല്‍ നഷ്‌വയെ തനിച്ചാക്കി നൗഷാദും യാത്രയായി.

തിരുവല്ലയില്‍ കേറ്ററിങ് സര്‍വീസ് നടത്തിയിരുന്ന പിതാവില്‍ നിന്നാണ് നൗഷാദിന്‌ പാചകത്തോടുള്ള താല്‍പര്യം പകര്‍ന്നു കിട്ടിയത്. ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയ നൗഷാദ് പാചക രംഗത്ത് ചുവടുറപ്പിച്ചു. തുടര്‍ന്ന് ‘നൗഷാദ് ദ ബിഗ് ഷെഫ്’ എന്ന റസ്റ്ററന്റ് ശൃംഘല തുടങ്ങി. ഒട്ടനവധി പാചക പരിപാടികളില്‍ അവതാരകനായെത്തുകയും ചെയ്തു.

സിനിമയോട് വലിയ താല്‍പര്യമുണ്ടായിരുന്ന നൗഷാദിനെ ബ്ലെസിയുമായുള്ള സൗഹൃദമാണ് ചലച്ചിത്ര രംഗത്തേക്ക് കൊണ്ടുവരുന്നത്. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയുടെ സഹനിര്‍മാതാവായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.  പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here