മറ്റൊരാളുടെ വീടും സ്ഥലവും നൽകി പറ്റിച്ച സംഭവം; നിൽപ് സമരം വീടിനകത്തേക്ക് മാറ്റാനൊരുങ്ങി പരാതിക്കാരി

0
445

കുമ്പള: ഇരുപത് ലക്ഷം വാങ്ങി മറ്റൊരാളുടെ വീടും സ്ഥലവും നൽകി പറ്റിച്ച സംഭവത്തിൽ ആരോപിതന്റെ വീട്ടുമുറ്റത്ത് നടത്തി വരുന്ന നിൽപ് സമരം വീടിനകത്തേക്ക് മാറ്റാനൊരുങ്ങി പരാതിക്കാരി.

നായന്മാർമൂല ബാഫഖി നഗറിൽ വീടു വാങ്ങി വഞ്ചിക്കപ്പെട്ട ബീഫാത്തിമയാണ് ഇവരെ വഞ്ചിച്ചതായി പറയുന്ന ചൂരിയിലെ സത്താറിന്റെ വീടിന്റെ മുറ്റത്ത് നടത്തി വരുന്ന സമരം വീടിനകത്ത് അടുപ്പ് കൂട്ടി കഞ്ഞി വച്ച് ശക്തമാക്കാൻ തീരുമാനിച്ചത്.

ബീഫാത്തിമ വീടിനകത്ത് കയറി കഞ്ഞിവെപ്പ് സമരം നടത്തുമ്പോൾ പുറത്ത് വിവിധ സമരമുറകളുമായി പിന്തുണച്ച് ആക്ഷൻ കമ്മിറ്റിയും രംഗത്തുണ്ടാകുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

മാസങ്ങൾക്കു മുമ്പ് സത്താർ നായന്മാർമൂല ബാഫഖി നഗറിൽ നൗഷാദ് എന്നയാളുടെയും കുടുംബത്തിന്റെയും വക സ്ഥലത്ത് വീടുപണി ഏറ്റെടുത്ത് ചെയ്തു വരികയായിരുന്നു. ഈ സമയത്ത് മൊയ്തു എന്നയാളെ ഇടനിലക്കാരനാക്കി നൗഷാദിന്റെ സ്ഥലത്ത് താൻ വീടു പണിത് നൗഷാദും ചേർന്ന് വിൽപന നടത്തുകയാണെന്ന് ബീഫാത്തിമയെ സത്താർ തെറ്റിദ്ധരിപ്പിച്ച് തന്ത്രപൂർവ്വം പണം കൈക്കലാക്കി വീടും സ്ഥലവും രജിസ്റ്റർ ചെയ്തു നൽകാതെ പറ്റിക്കുകയായിരുന്നുവെന്ന് ബീഫാത്തിമയും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും പറഞ്ഞു. ഏഴ് സെന്റ് സ്ഥലത്തിനും വീടിനുമാണ് പണം നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതി കാസറഗോഡ് ഖാദിക്ക് നൽകുകയും ഖാദി വിവിധ നേതാക്കളുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത ഒത്തുതീർപ്പ് ചർച്ചയിൽ പണം കൈപ്പറ്റിയതായി സത്താർ സമ്മതിക്കുകയും ചെയ്തിരുന്നുവത്രെ.
എന്നാൽ പണം തിരിച്ചുനൽകാനോ സ്ഥലവും വീടും നൽകി പരിഹരിക്കാനോ സത്താർ തയ്യാറാവാത്തതിനെത്തുടർന്നാണ് ഇവർ സത്താറിന്റെ വീട്ടുമുറ്റത്ത് നിൽപു സമരം ആരംഭിച്ചത്.

തട്ടിയെടുത്ത പണം ഉപയോഗിച്ച് നാൽപത് പവൻ നൽകി മൂന്ന് ദിവസം വിരുന്നൊരുക്കി സത്താർ മകളുടെ കല്യാണം നടത്തുകയും വീട് മോടിപിടിപ്പിക്കുകയും ചെയ്തതായി ഭാരവാഹികൾ ആരോപിച്ചു. വഞ്ചന സംബന്ധിച്ച് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

ബീഫാത്തിമയ്ക്കൊപ്പം ജനകീയ ആക്ഷൻ കമ്മിറ്റി ചെയർമാൻ സുബൈർ പടുപ്പ്, കാസർകോട് ബ്ലോക്ക് പഞ്ചായത്തംഗവും മനുഷ്യാവകാശ പ്രവർത്തകയുമായ ജമീല അഹമ്മദ് എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here