മഞ്ചേശ്വരം : കെദുമ്പാടിയിലെ മരമില്ല് ഉടമ ഇസ്മായിലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കർണാടക സ്വദേശിയായ നാസിർ ഹുസൈൻ (35) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം ഇൻസ്‌പെക്ടർ എ. സന്തോഷ് കുമാറും സംഘവും കർണാടകയിലെ ബീരിക്ക് സമീപത്തെ വാടകവീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്.
2020 ജനുവരി 19-നാണ് കൊലപാതകം നടന്നത്.
ഇസ്മായിലിന്റെ ഭാര്യ ആയിഷയുടെ സഹായത്തോടെ ആൺസുഹൃത്ത് മുഹമ്മദ് ഹനീഫയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇവർ തമ്മിലുള്ള അടുപ്പം ഇസ്മായിൽ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പോലീസ് റിപ്പോർട്ട്. രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെ ഇസ്മായിലിനെ കഴുത്തിൽ തുണി മുറുക്കി തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിറ്റേന്ന് രാവിലെ ഭാര്യ ആയിഷ തന്നെയാണ് ഭർത്താവിന്റെ മരണവിവരം ബന്ധുക്കളെ അറിയിച്ചത്. മരണത്തിൽ സംശയം പ്രകടിപ്പിച്ച ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
കൃത്യം നടത്തിയാൽ മുഹമ്മദ് ഹനീഫ വഴി 10,000 രൂപ നൽകാമെന്ന് ആയിഷ വാഗ്ദാനം നൽകിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. പ്രതികളായ ആയിഷ, മുഹമ്മദ് ഹനീഫ, അറാഫത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികളായ നാസിർ ഹുസൈൻ, ബദറുദ്ദീൻ എന്നിവർ കർണാടകയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പോലീസിന് പിടികൊടുക്കാതിരിക്കാൻ നാസിർ ഹുസൈൻ വാടകവീടുകളിൽ മാറി താമസിച്ചുവരുന്നതിനിടെയാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്. കേസിൽ ബദറുദ്ദീനെ ഇനിയും പിടികൂടാനുണ്ട്.
കാസർകോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ ചന്ദ്രശേഖർ, സി.പി.ഒ.മാരായ പ്രവീൺ, ഗോകുൽ, ലിജോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.