കാസര്‍കോട്: കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി ടി കെ പൂക്കോയ തങ്ങളെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ക്രൈംബ്രാഞ്ച് അപേക്ഷ സമര്‍പ്പിക്കും. കേസിലെ പ്രധാന പ്രതിയായ പൂക്കോയ തങ്ങള്‍ ഇന്നലെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ ആകെ 166 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒന്‍പത് മാസമായി ഒളിവിലായിരുന്ന പൂക്കോയ തങ്ങള്‍ക്കായി ക്രൈംബ്രാഞ്ചും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഇങ്ങനെ അന്വേഷണം മുന്നോട്ട് പോകുന്നതിനിടെയാണ് പൂക്കോയ തങ്ങള്‍ കീഴടങ്ങിയത്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി എംഡിയായ പൂക്കോയ 148 കോടിയുടെ തട്ടിപ്പിലാണ് അന്വേഷണം നേരിടുന്നത്. മഞ്ചേശ്വരം മുന്‍ എംഎംല്‍എയും ജ്വല്ലറി ചെയര്‍മാനുമായിരുന്ന എം സി കമറുദ്ദീന്‍ കഴിഞ്ഞ നവംബറിലാണ് അറസ്റ്റിലായത്.
ഇതിന് ശേഷമാണ് പൂക്കോയ ഒളിവില്‍ പോയത്. നേപ്പാളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പൂക്കോയ, സംയുക്ത ജമാഅത്ത് കമ്മിറ്റി പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിരുന്നു. ഈ സ്ഥാനങ്ങളുടെ പേരിലാണ് ജ്വല്ലറി നിക്ഷേപത്തിലേക്ക് പലരേയും ആകര്‍ഷിച്ചിരുന്നത്. നിക്ഷേപകരില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് ബംഗളൂരുവില്‍ ഇയാള്‍ സ്ഥലം വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.