ഹരിപ്പാട്: ദേശീയപാതയോരത്തു നിർമാണം നടത്താനുള്ള കുറഞ്ഞ ദൂരപരിധി ഏഴരമീറ്ററാക്കി ഉയർത്തിക്കൊണ്ട് ദേശീയപാത അതോറിറ്റിയുടെ നിർദേശം. നിലവിൽ വീടുകൾക്കു ദേശീയപാതയിൽനിന്നു മൂന്നുമീറ്ററും വാണിജ്യ നിർമിതികൾക്ക് ആറു മീറ്ററുമായിരുന്നു അകലം വേണ്ടിയിരുന്നത്. ഇനി ഇത്തരം വേർതിരിവുണ്ടാകില്ല. പൊതുമരാമത്തുവകുപ്പിന്റെ ദേശീയപാത വിഭാഗത്തിന് ഇതുസംബന്ധിച്ച് അതോറിറ്റിയുടെ നിർദേശം ലഭിച്ചു.
ദേശീയപാതയുടെ അതിർത്തിക്കല്ലിൽനിന്ന് അഞ്ചു മീറ്ററിനകത്ത് ഒരുതരത്തിലുള്ള നിർമാണവും അനുവദിക്കില്ല. അഞ്ചുമുതൽ ഏഴരവരെ മീറ്റർ ഉപാധികളോടെ അനുമതി നൽകും. ഇതിനു ഭൂവുടമ ദേശീയപാത അതോറിറ്റിക്കു സത്യവാങ്മൂലം നൽകണം. ബന്ധപ്പെട്ട ഭൂമി ഭാവിയിൽ ദേശീയപാത വികസനത്തിനുവേണ്ടി ഏറ്റെടുക്കേണ്ടിവന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെടാതെ സ്വന്തം ചെലവിൽ കെട്ടിടം പൊളിച്ചു മാറ്റാമെന്നതാണു സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ടത്.