ഇന്ത്യയിലെ വൈദ്യുത വിപ്ലവത്തിന് തുടക്കമിട്ട് ഓല സ്കൂട്ടർ നിരത്തിൽ. സ്വാതന്ത്ര്യ ദിനത്തിലാണ് വാഹനം പുറത്തിറക്കിയത്. എസ് വൺ, എസ് വൺ പ്രൊ എന്നിങ്ങനെ രണ്ട് വേരിയൻറുകളിൽ വാഹനം ലഭ്യമാകും. എസ് വണ്ണിെൻറ വില ഒരു ലക്ഷം രൂപയാണ്. കേന്ദ്ര സർക്കാരിെൻറ ഫെയിം സബ്സിഡി ഉൾപ്പെടുത്തിയ വിലയാണിത്. എസ് വൺ പ്രൊക്ക് 1.30ലക്ഷം വിലവരും. സംസ്ഥാന സബ്സിഡികൾകൂടി ഉൾപ്പെടുത്തിയാൽ വില പിന്നേയും കുറയും. ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിലവിൽ ഇ.വികൾക്ക് സബ്സിഡി നൽകുന്നത്. എസ് വൺ വേരിയൻറ് ഒറ്റ ചാർജിൽ 121 കിലോമീറ്റർ സഞ്ചരിക്കും. എസ് വൺ പ്രോയുടെ റേഞ്ച് 181 കിലോമീറ്ററാണ്. വാഹനം ബുക്ക് ചെയ്തവർക്കുള്ള ഡെലിവറികൾ 2021 ഒക്ടോബർ മുതൽ ആരംഭിക്കും.
എസ് വൺ, എസ് വൺ പ്രോ: സവിശേഷതകളും ശ്രേണിയും
കരുത്തിലും മൈലേജിലുമെല്ലാം ഓലയുടെ രണ്ട് വേരിയൻറുകൾക്കും വ്യത്യാസങ്ങളുണ്ട്. എസ് വണ്ണിന് 2.98 കിലോവാട്ട് യൂനിറ്റും എസ് വൺ പ്രോയ്ക്ക് 3.97 കിലോവാട്ട് ബാറ്ററിയുമാണ് ലഭിക്കുക. ഇൗഥർ 450എക്സിന് 2.9kWhബാറ്ററി ശേഷിയാണുള്ളത്. ഓലയുടെ എസ് വൺ പ്രോക്ക് ഇൗഥറിനേക്കാൾ കരുത്ത് കൂടുതലാണെന്നർഥം. 121 കിലോഗ്രാം 125 കിലോഗ്രാം എന്നിങ്ങനെയാണ് വാഹനങ്ങളുടെ ഭാരം.