ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കൗമാരക്കാരിക്ക് മിന്നലേറ്റു; ഫോൺ പൊട്ടിത്തെറിച്ച് മരണം

0
219

ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കൗമാരക്കാരി മിന്നലേറ്റു മരിച്ചു. ബ്രസീലിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉപയോഗിച്ചപ്പോഴാണ് പെൺകുട്ടിയ്ക്ക് മിന്നലേറ്റത്. വടക്കന്‍ ബ്രസീലിലെ സാന്റാരെം നിവാസിയായ റാഡ്ജ ഫെറീറ ഡി ഒലിവേരയാണ് അപകടത്തിന് ഇരയായത്. ഞായറാഴ്ച പുലര്‍ച്ചെ ഒലിവേരെയുടെ വീട്ടില്‍ വെച്ചാണ് വൈദ്യുതാഘാതമേറ്റതെന്ന് മെയില്‍ ഓണ്‍ലൈൻ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തെ തുടർന്ന്, പെൺകുട്ടിയുടെ മാതാപിതാക്കള്‍ ഒലിവേരയ്ക്ക് പ്രഥമ ശുശ്രൂഷ നല്‍കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഒലിവേര മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഒലിവേരെയുടേത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ബ്രസീലിയൻ സംസ്ഥാനമായ പാരയിൽ ഇടിമിന്നലേറ്റ് മരണപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഒലിവേര. ഇതിന് സമാനമായ സംഭവം കഴിഞ്ഞയാഴ്ച അപ്പോളിനാരിയോ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ബുധനാഴ്ചയുണ്ടായ കൊടുങ്കാറ്റിൽ സെമിയോ ടാവാരസ് എന്നയാൾക്കാണ് തന്റെ ഫോൺ ഉപയോഗിക്കുന്നതിനിടയിൽ ഇടിമിന്നലേറ്റത്. ഉടൻ തന്നെ അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്ത് എത്തിയെങ്കിലും തവാരെസിനെ രക്ഷിക്കാനായില്ല. തനാരെസിന് ഇടിമിന്നലിൽ നിന്ന് മാരകമായി പരിക്കേറ്റിരുന്നു. അതിനാൽ വൈദ്യ സംഘം സംഭവ സ്ഥലത്ത് എത്തും മുൻപ് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.

നഗരത്തിൽ ഇതേ പ്രദേശത്ത് വെച്ചു തന്നെയാണ് കൗൺസിലോർ റായ്മുണ്ടോ ബ്രിട്ടോ എന്നയാൾക്കും മിന്നലേറ്റത്. കൃത്യ സമയത്ത് ആരോഗ്യ സംഘത്തിന്റെ ഇടപെടൽ ഉണ്ടായതിനാൽ ഇയാൾക്ക് ജീവഹാനിയുണ്ടായില്ല. തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. ബ്രിട്ടോ തന്റെ വീട്ടിൽ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരുന്നപ്പോഴാണ് മിന്നലേറ്റത്. മിന്നലേറ്റ് പരിക്കുണ്ടായെങ്കിലും മനസ്സാന്നിദ്ധ്യം കൈവിടാതിരുന്ന ബ്രിട്ടോയ്ക്ക്, സ്വന്തമായി അടിയന്തര നമ്പറിൽ വിളിക്കാൻ സാധിച്ചു. കൃത്യ സമയത്ത് തന്നെ സംഭവസ്ഥലത്ത് എത്തിയ ഇവർ ഉടൻ തന്നെ ബ്രിട്ടോയെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. മിന്നലേറ്റ് പരിക്ക് പറ്റിയെങ്കിലും ഉടൻ തന്നെ തക്ക ചികിത്സ ലഭിച്ചതിനാൽ ബ്രിട്ടോയ്ക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ സാധിച്ചു.

ഒലിവേരെയുടെ ദൗര്‍ഭാഗ്യകരമായ മരണത്തെത്തുടര്‍ന്ന്, ഫോൺ വൈദ്യുതി ചാര്‍ജ് ചെയ്യുന്ന സമയത്ത് ഉപയോഗിക്കാന്‍ പാടില്ല എന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമാന സംഭവം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു കൗമാരക്കാരി ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോൾ തന്നെയാണ് അപകടമുണ്ടായത്. വൈദ്യുതാഘാതമേറ്റ പതിനേഴുകാരിയായ ശ്രദ്ധാ ദേശായിയും മരണത്തിന് കീഴടങ്ങി. ഗുജറാത്തിലെ മെഹ്‌സാഹ ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഫോണില്‍ സംസാരിക്കുന്നതിനിടയിലാണ് ശ്രദ്ധയ്ക്ക് വൈദ്യുതാഘാതമേറ്റത്. സംഭവത്തില്‍ ശ്രദ്ധയുടെ ഫോണ്‍ പൊട്ടിത്തെറിയ്ക്കുകയും ചെയ്തിരുന്നു. ജൂലൈയില്‍ ബെചരാജി താലൂക്കിലെ ഛേത്സന്‍ ഗ്രാമത്തിലാണ് അപകടം റിപ്പോർട്ട് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here