‘കർണാടക അതിർത്തിയിൽ കർശന പരിശോധന; കോടതി നിർദേശം പോലും പാലിക്കുന്നില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷറഫ്

0
321

കാസർകോട് ∙ തലപ്പാടിയിലടക്കം കേരള–കർണാടക അതിർത്തികളിൽ കർണാടക തുടരുന്ന യാത്രാ നിയന്ത്രണങ്ങളിൽ ഇളവു നൽകണമെന്ന കോടതി നിർദേശം പോലും പാലിക്കാൻ കർണാടക സർക്കാർ തയാറാവുന്നില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷറഫ്. കോടതി നിർദേശ പ്രകാരമല്ല കർണാടക സർക്കാർ നടപടി സ്വീകരിക്കുന്നതെന്ന് കേരള ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും എംഎൽഎ  പറ‍ഞ്ഞു.

കേരളത്തിൽ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ ഫലം വേണമെന്ന നിബന്ധന കർണാടക കൊണ്ടുവന്നത്. അതിർത്തിയിലെ ഈ നിയന്ത്രണം നിയമവിരുദ്ധവും ഭരണഘടനയ്ക്ക് എതിരുമാണെന്നു കാണിച്ചാണ് എംഎൽഎ എന്ന നിലയിൽ കേരള ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി നൽകിയത്.

ഇതേ തുടർന്ന് അടിയന്തിര ചികിത്സ ആവശ്യമുള്ളവരെ ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ അതിർത്തി കടത്തിവിടണമെന്ന് കേരള ഹൈക്കോടതി ഒരാഴ്ച മുൻപ് ഇടക്കാല ഉത്തരവിൽ കർണാടകയോടു നിർദേശിച്ചിരുന്നു. ഈ ഉത്തരവിന്റെ കോപ്പി ദക്ഷിണ കന്നഡ ജില്ലാ കലക്ടർക്കും ഞങ്ങൾ കൈമാറിയതാണ്. എന്നിട്ടും അതിർത്തിയിൽ കർശന പരിശോധന തുടരുകയാണ്. പരിശോധന തുടരുന്ന കാര്യം ഇന്നു ഞങ്ങൾ കോടതിയെ വീണ്ടും അറിയിച്ചിട്ടുണ്ട്. എന്നാൽ കർണാടക ഇതു നിഷേധിച്ചതിനാൽ ഇത്തരം കാര്യങ്ങളിൽ കൃത്യമായ തെളിവുകൾ ഹാജരാക്കാനാണു കോടതി നിർദേശിച്ചത്. ഇതിനുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

ഏതെല്ലാം അതിർത്തി പ്രദേശങ്ങളിലാണ് കർണാടക ആളുകളെ തടയുന്നത് എന്നതു കോടതിയെ രേഖകൾ സഹിതം ബോധിപ്പിക്കും. കേരളത്തിൽ നിന്നു പോകുമ്പോൾ തടഞ്ഞവരുടെ വിലാസവും അവർ സഞ്ചരിച്ച വാഹനവും സംബന്ധിച്ച വിവരങ്ങൾ അടക്കം കോടതിയിൽ ഹാജരാക്കും. മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കൽ, രോഗികളുമായുള്ള യാത്ര എന്നിവ ഏതെങ്കിലും രീതിയിൽ തടസപ്പെട്ടിട്ടുണ്ടെങ്കിൽ കോടതിയെ അറിയിക്കാനാണ് ഇന്നു കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

കോടതി നിർദേശപ്രകാരം ഇപ്പോൾ അതിർത്തിയിൽ നിയന്ത്രണങ്ങളില്ലെന്നാണ് കർണാടക സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഇതു തികച്ചും അവാസ്തവമാണ്. ചികിത്സയ്ക്കു പോകുന്ന ധാരാളം കുടുംബങ്ങളെ ഇപ്പോഴും അതിർത്തിയിൽ തടഞ്ഞു തിരിച്ചയക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങൾ രണ്ടു ദിവസത്തിനകം കോടതിയിൽ സമർപ്പിക്കും. നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയില്ലെങ്കിൽ കർണാടകയുടെ നടപടിക്കെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതടക്കമുള്ള കാര്യങ്ങളും ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടാവും. കോടതി പറയുന്നതുപോലും ലംഘിക്കുന്നുവെങ്കിൽ ജനകീയ സമരം അനവാര്യമാവും. –എംഎൽഎ പറഞ്ഞു.

കോടതി ഉത്തരവു പാലിക്കുന്നതിൽ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ സത്യവാങ്മൂലം സമർപ്പിക്കാനാണ് കർണാടകയോടു കോടതി ഇന്നു നിർദേശിച്ചത്.  മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്ന് കർണാടക എജി കോടതിയെ അറിയിച്ചു.  ദക്ഷിണ കന്നഡയിൽ ഉൾപ്പെടെ കടുത്ത കോവിഡ് വ്യാപനമുണ്ടെന്നും ഇതുകൂടി പരിഗണിച്ചാണ് നിയന്ത്രണമെന്നുമായിരുന്നു കർണാടക എജിയുടെ നിലപാട്. കേസ് 27 നു പരിഗണിക്കുന്നതിനു മാറ്റിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here