കേരളത്തിൽ നിന്നെത്തുന്നവർക്ക്‌ പരിശോധന കർശനമാക്കി തമിഴ്‌നാട്‌; മന്ത്രിമാർ നേതൃത്വം നൽകി

0
307

ചെന്നൈ: കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാരുടെ കോവിഡ് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ യാത്രക്കാരുടെ പരിശോധന നടത്തി. ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യത്തിന്റെയും ദേവസ്വം മന്ത്രി ടി.കെ ശേഖര്‍ ബാബുവിന്റെയും നേതൃത്വത്തിലാണ് കേരളത്തില്‍ നിന്നെത്തിയവരുടെ പരിശോധന നടത്തിയത്.

കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാരുടെ കൈയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ ഉണ്ടോയെന്ന് പരിശോധിക്കും. ഈ രണ്ടു രേഖകളും ഇല്ലാത്ത ആളുകളെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയമാക്കും. പരിശോധനാഫലം വന്നതിന് ശേഷം മാത്രമേ ഇവരെ സ്റ്റേഷന് പുറത്തേക്ക് വിടുന്നുള്ളൂ. ഇന്ന് പുലര്‍ച്ചെയാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന ആരംഭിച്ചത്.

കേരളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും തമിഴ്‌നാട്ടിലും നിയന്ത്രണം അനിവാര്യമാണെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ തമിഴ്‌നാടിന് ഏറെ മുന്നോട്ട് പോകാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ കേരളത്തില്‍ നിന്നുളള 227 പേരെയാണ് തമിഴ്‌നാട് പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്താന്‍ ഓഗസ്റ്റ് 5-ാം തീയതിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here