കാറും ബൈക്കും കൂട്ടിയിടിച്ച്‌ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു; അപകടം വിനോദസഞ്ചാരത്തിന് പോയി മടങ്ങവേ

0
285

കൊല്ലം ചെങ്കോട്ട ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളായ ഗോവിന്ദ്(20) ചൈതന്യ(20) എന്നിവരാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍, വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് വിവരം.

അഞ്ചു ബൈക്കുകളിലായെത്തിയ വിദ്യാര്‍ത്ഥികളുടെ സംഘം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ചെങ്ങമനാട് ഭാഗത്തു നിന്നും അമിതവേഗത്തിലെത്തിയ മാരുതി എര്‍ട്ടിഗയും ഗോവിന്ദിന്റെ ബുള്ളറ്റും കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗോവിന്ദ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരതരമായി പരിക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍ വസന്ത നിലയത്തില്‍ വിജയന്റെ മകനാണ് ബി.എന്‍. ഗോവിന്ദ്. കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍ അജയകുമാറിന്റെ മകള്‍ ചൈതന്യ. പത്തനാപുരം പനംപറ്റ സ്വദേശിയുടേതാണ് മാരുതി എര്‍ട്ടിഗ. കുന്നിക്കോട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here