കടയില്‍ പോകാന്‍ വാക്‌സിനെടുത്തിരിക്കണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തില്ലെന്ന് ആരോഗ്യമന്ത്രി

0
393

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച നിബന്ധനകള്‍ക്കെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെ ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

മന്ത്രി സഭയില്‍ പറഞ്ഞ കാര്യങ്ങളല്ല ഉത്തരവിലുള്ളതെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചെങ്കിലും കഴിഞ്ഞ ദിവസം പുറത്തിറക്കിയ കൊവിഡ് മാനദണ്ഡങ്ങള്‍ തിരുത്തില്ലെന്നാണ് വീണ ജോര്‍ജ് അറിയിച്ചത്. പ്രായോഗികമായ നിര്‍ദേശങ്ങള്‍ മാത്രമാണ് ഉത്തരവിലുള്ളതെന്നാണ് വീണ ജോര്‍ജ് അറിയിച്ചിരിക്കുന്നത്.

ആള്‍ക്കാര്‍ ധാരാളമെത്തുന്ന കടകള്‍, ബാങ്കുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നവരും അവിടെ ജോലി ചെയ്യുന്നവരും രണ്ടാഴ്ച മുന്‍പ് ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരോ അല്ലെങ്കില്‍ 72 മണിക്കൂറിനകം ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരോ ആയിരിക്കണമെന്നും അതുമല്ലെങ്കില്‍ ഒരു മാസം മുന്‍പ് കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരായിരിക്കണമെന്നാണ് പുതിയ നിബന്ധന.

ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നലെ നിയമസഭയില്‍ പ്രഖ്യാപിക്കുകയായിരുന്നു.

കടകളിലും മറ്റ് സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് വാക്‌സിന്‍ എടുത്തെന്ന് തെളിയിക്കുന്ന രേഖ, ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, കൊവിഡ് രോഗമുക്തി രേഖ ഇവയില്‍ ഏതെങ്കിലും ഒന്ന് ‘അഭികാമ്യ’മെന്നാണ് ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ ‘അഭികാമ്യ’മെന്നത് കര്‍ശന നിബന്ധനയായി മാറുകയായിരുന്നു.

ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന അപ്രായോഗികമായ പലതും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലുണ്ടെന്നായിരുന്നു പി.സി വിഷ്ണുനാഥ് എം.എല്‍.എ ഉന്നയിച്ചത്. ഇതിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പിന്തുണച്ചു.

42 ശതമാനം പേര്‍ മാത്രം വാക്‌സിനെടുത്ത കേരളത്തില്‍ എങ്ങനെയാണ് ഈ ഉത്തരവ് നടപ്പിലാകുകയെന്ന് വി.ഡി സതീശന്‍ ചോദിച്ചു. ഉത്തരവില്‍ മാറ്റം വരുത്താനാകില്ലെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിച്ചതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here