പഴയങ്ങാടി (കണ്ണൂർ): ലോക മലയാളികൾ ഹൃദയത്തോട് ചേർത്തുനിർത്തിയ മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദ് മോന് 18 കോടിയുടെ മരുന്ന് കുത്തിവെച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചൊവ്വാഴ്ച ഏറ്റവും വില കൂടിയ മരുന്നായ സോൾജെസ്മ വിജയകരമായി കുത്തിവെച്ചത്. സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) എന്ന അപൂർവ ജനിതക രോഗബാധിതനായിരുന്നു മുഹമ്മദ്. മരുന്നിനാവശ്യമായ 18 കോടിക്ക് വേണ്ടി സഹൃദയരുടെ സഹായം തേടിയപ്പോൾ 46.78 കോടി രൂപയാണ് മലയാളികൾ കൈയയച്ച് നൽകിയത്.
മാട്ടൂലിലെ പി.കെ. റഫീഖ്, പി.സി. മറിയുമ്മ ദമ്പതികളുടെ മകനായ മുഹമ്മദ് ചൊവ്വാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് ജീൻ തെറപ്പി മരുന്നായ സോൾജെസ്മ കുത്തിവെപ്പിന് വിധേയനായത്. തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടു മണിയോടെ കുത്തിവെപ്പ് നൽകാനായി സജ്ജീകരിച്ച കേന്ദ്രത്തിലേക്ക് മാറ്റി. മരുന്ന് നൽകുന്നതിന് മുന്നോടിയായുള്ള പ്രധാന പരിശോധനയായ അഡിനോ വൈറസ് ആൻറിബോഡി ടെസ്റ്റ് നെതർലാൻ്റിൽ വെച്ചാണ് നടത്തിയത്.