ഉപ്പളയിൽ ഇതരസംസ്ഥാന തൊഴിലാളിയെ തലക്കടിച്ച് വീഴ്ത്തി 26,000 രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

0
373

ഉപ്പള: ഉത്തര്‍പ്രദേശ് സ്വദേശികളായ ബാര്‍ബര്‍ തൊഴിലാളികള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ അതിക്രമിച്ചുകയറി ഒരു തൊഴിലാളിയെ തലക്കടിച്ച് വീഴ്ത്തി പണം കവര്‍ന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. ഉപ്പള മുളിഞ്ചയിലെ ഇര്‍ഫാന്‍ എന്ന പപ്പു(46)വിനെയാണ് മഞ്ചേശ്വരം പൊലീസ് പരാതി ലഭിച്ച് മണിക്കൂറിനകം മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

സംഘത്തിലെ രണ്ടുപേരെ അന്വേഷിച്ചുവരികയാണ്. ബാര്‍ബര്‍ തൊഴിലാളിയായ ഉത്തര്‍പ്രദേശ് സ്വദേശി ആലമിന്റെ പരാതിയിലാണ് കേസ്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. യു.പി സ്വദേശികള്‍ താമസിക്കുന്ന ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഫ്‌ളാറ്റില്‍ അതിക്രമിച്ചുകയറി ഇര്‍ഫാനും സംഘവും ആലമിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചുവീഴ്ത്തുകയും 21,000 രൂപ തട്ടിപ്പറിക്കുകയും തുടര്‍ന്ന് കത്തികഴുത്തില്‍വെച്ച് ഭീഷണിപ്പെടുത്തി പ്രതികളില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍പേ വഴി 5000 രൂപ അയപ്പിച്ചെന്നുമാണ് പരാതി. ഇന്നലെ രാവിലെ 10 മണിയോടെയാണ് ആലം പൊലീസില്‍ പരാതി നല്‍കിയത്.

ഉടന്‍ തന്നെ എസ്.ഐയും സംഘവും അന്വേഷണം ആരംഭിക്കുകയും 11 മണിയോടെ ഇര്‍ഫാനെ ഉപ്പളയില്‍വെച്ച് പിടികൂടുകയുമായിരുന്നു. വധശ്രമക്കേസില്‍ ഇര്‍ഫാന്‍ ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്. സംഘത്തിലെ മറ്റു രണ്ടുപേരെ തിരിച്ചറിഞ്ഞതായും ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here