ഇന്ധനവില കുറയ്ക്കില്ല; ന്യായീകരണവുമായി കേന്ദ്രം

0
247

ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. യു.പി.എ സര്‍ക്കാര്‍ ഇറക്കിയ എണ്ണ ബോണ്ട് പലിശ ഖജനാവിന് ബാധ്യതയാണെന്നും ഇതാണ് ഇന്ധന നികുതി കുറയ്ക്കുന്നതിന് തടസമെന്നും മന്ത്രി അവകാശപ്പെട്ടു.

എണ്ണ ബോണ്ട് പലിശ കാരണം അഞ്ച് വര്‍ഷം കൊണ്ട് 70000 കോടി അടച്ചു. 2026 വരെ 37000 കോടി രൂപ കൂടി അടക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇതുവരെ പെട്രോളിന് 39 തവണയും ഡീസലിന് 36 തവണയും വില വര്‍ധിപ്പിച്ചിട്ടുണ്ട്.

ഒരു ലിറ്റര്‍ പെട്രോളിന് രാജ്യത്ത് 100 രൂപ കടന്നിരിക്കുകയാണ്.

ഇന്ധന വിലവര്‍ധനവ് വഴി കേന്ദ്രസര്‍ക്കാരിന് 88 ശതമാനം അധികവരുമാനമാണ് ലഭിക്കുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.35 ലക്ഷം കോടി രൂപയാണ് ഇന്ധനനികുതി വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്.

പെട്രോളിന്റെ എക്സൈസ് തീരുവ കഴിഞ്ഞ വര്‍ഷം 19.98 ല്‍ നിന്ന് 32.9 യിലേക്കാണ് വര്‍ധിപ്പിച്ചത്. ഡീസലിനാകട്ടെ ഇത് 15.83 ല്‍ നിന്ന് 31.8 രൂപയാക്കി. ഇതാണ് കേന്ദ്രസര്‍ക്കാരിന് റെക്കോഡ് വരുമാനം കൊണ്ടുവന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം, ഇതുവരെ (ഏപ്രില്‍-ജൂണ്‍) തീരുവയില്‍ നിന്നുള്ള വരുമാനം 1.01 ലക്ഷം കോടി രൂപ കടന്നതായും കേന്ദ്ര സര്‍ക്കാര്‍ തന്നെ പറഞ്ഞിരുന്നു. കൊവിഡും ലോക്ഡൗണും മൂലം ഗതാഗതവും മറ്റും കുറഞ്ഞില്ലായിരുന്നെങ്കില്‍ വരുമാനം ഇതിലും ഉയര്‍ന്നേനെ.

പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍, പ്രകൃതിവാതകം എന്നിവ ഉള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള വരുമാനമാണിത്.

പെട്രോള്‍, ഡീസല്‍ തീരുവയില്‍ നിന്ന് 2019-20ല്‍ 1.78 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. 2018-19ല്‍ 2.13 ലക്ഷം കോടിയായിരുന്നു തീരുവയില്‍ നിന്നുള്ള വരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here