മെൽബൺ: ഓസ്ട്രേലിയലെ ‘ദി വോയ്സ്’ (The Voice ) എന്ന ലോകപ്രശസ്ത റിയാലിറ്റി ഷോയുടെ ഓഡീഷന്‍ റൗണ്ടിൽ അവിശ്വസനീയമായ പ്രകടനം കാഴ്ചവച്ച് അഭിമാനമായി മാറുകയാണ് മലയാളിയായ ജാനകി ഈശ്വർ.
അമേരിക്കൻ ഗായിക ബിലി ഐലിഷിൻറെ ‘ലവ്‌ലി’ എന്ന ഗാനം പാടിയാണ് വിധികർത്താക്കളെ ജാനകി അമ്പരപ്പിച്ചത്. കോഴിക്കോട് കക്കോടി സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ് ഈ പന്ത്രണ്ടു വയസ്സുകാരി.
ഈ സംഗീത റിയാലിറ്റി ടി വി ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി കൂടിയാണ് മെൽബണിലുള്ള ജാനകി ഈശ്വർ. തിങ്കളാഴ്ചയാണ് ചാനൽ സെവനിലെ ‘വോയ് സ് ഓസ്ട്രേലിയയുടെ’ വേദിയിൽ ജാനകി പാടാൻ എത്തിയത്.
തോളത്ത് കേരളത്തനിമ പേറുന്ന കസവ് ഷോൾ ധരിച്ചാണ് ജാനകി സ്റ്റേജിലെത്തിയത്. ജാനകിയെ വിധികർത്താക്കൾ പ്രശംസിക്കുമ്പോൾ അച്ഛനും അമ്മയും വികാരാധീനരാവുന്നത് വീഡിയോയിൽ കാണാം.നാലുപേരാണ് വിധിനിർണ്ണയം നടത്തിയത്. പരിപാടിയിൽ ടീം ജെസ്സിലാണ് ജാനകി ചേർന്നത്. ഈ ടീമിന്റെ നേതൃത്വത്തിലാകും ജാനകിയുടെ തുടർ പരിശീലനം.
അധികവും ഇംഗ്ലീഷ് പാട്ടുകള്‍ പാടുന്ന ജാനകി നന്നേ ചെറുപ്പത്തിലേ കര്‍ണാടക സംഗീതവും അഭ്യസിച്ചിരുന്നു. സംഗീത പഠനത്തിനൊപ്പം ഗിറ്റാര്‍, വയലിന്‍ തുടങ്ങിയ സംഗീതോപകരണങ്ങളും ജാനകി പരിശീലിച്ചിട്ടുണ്ട്. ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ശ്രദ്ധേയനായ ഗായകൻ അരുൺഗോപന്റെ സഹോദരീ പുത്രിയാണ് ജാനകി ഈശ്വർ.