മലപ്പുറം∙ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തങ്ങളുടെ ആരോപണങ്ങള്‍ നിഷേധിച്ച് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. ഇന്നു കണ്ടതു ശത്രുക്കളുടെ കയ്യില്‍ കളിക്കുന്ന ആളുകളുടെ പ്രവൃത്തിയാണ്. മുഈൻ അലി തങ്ങൾ വാര്‍ത്താസമ്മേളനം നടത്തിയത് പാര്‍ട്ടി അനുമതിയില്ലാതെയാണ്. പരസ്യവിമര്‍ശനം പാടില്ലെന്ന ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശം അദ്ദേഹം ലംഘിച്ചു.
ഹൈദരലി തങ്ങളെ അനുസരിക്കാതിരിക്കുന്നത് പാര്‍ട്ടിയെ അനുസരിക്കാതിരിക്കുന്നതിനു തുല്യമാണ്. അഭിപ്രായസ്വാതന്ത്ര്യം ലീഗിന്റെ അസ്ഥിത്വത്തെ ചോദ്യംചെയ്യുന്ന തരത്തിലേക്ക് പോകരുതെന്നും സലാം പറഞ്ഞു. ചന്ദ്രിക പത്രത്തിന്റെ മാനേജ്മെന്റിന് ഇഡി നോട്ടിസ് ലഭിച്ചിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നോട്ടിസ്. ഇഡിക്ക് മറുപടി നല്‍കും. മുൻമന്ത്രി കെ.ടി.ജലീലിനെപ്പോലെ തലയില്‍ മുണ്ടിട്ട് പോകില്ലെന്നും സലാം പറഞ്ഞു.