ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ ചെറുത്ത് നില്‍പ്പിന് കൈയടിച്ച് ക്രിക്കറ്റ് ലോകം. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഹാംപ്ഷയറിന് എതിരായ മത്സരത്തിലായിരുന്നു സസെക്സ് താരമായ അംലയുടെ പോരാട്ട ഇന്നിംഗ്‌സ്. ഈ ചെറുത്തു നില്‍പ്പിന്‍റെ കരുത്തില്‍ സസെക്സ് കളിയില്‍ സമനില പിടിച്ചു വാങ്ങി.
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും അംല മറുവശത്ത് പതറാതെ നിന്നു. അംലയുടെ ചെറുത്ത് നില്‍പ്പിന്റെ ബലത്തില്‍ സസെക്സ് 128-8 എന്ന നിലയില്‍ കളി സമനിലയിലാക്കി. ക്രീസ് വിടുമ്പോള്‍ അംല നേടിയത് 278 പന്തില്‍ നിന്ന് 38 റണ്‍സ്.
കളിയില്‍ അഞ്ച് ബൗണ്ടറിയാണ് അംല അടിച്ചത്. അതില്‍ ആദ്യ ബൗണ്ടറി 125ാമത്തെ പന്തിലാണ് വന്നത്. 13.30 ആയിരുന്നു അംലയുടെ സ്ട്രൈക്ക് റേറ്റ്. ഇതു പോലൊരു ചെറുത്തു നില്‍പ്പ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ നിരയില്‍ സംഭവിച്ചിരുന്നെങ്കില്‍ തോല്‍വി വഴിമാറിയേനെ എന്നാണ് ആരാധകര്‍ പറയുന്നത്.
10.24 ആയിരുന്നു ഇതിന് മുമ്പത്തെ അംലയുടെ കുറഞ്ഞ സ്ട്രൈക്ക്റേറ്റ്. 2015ല്‍ ഇന്ത്യക്കെതിരായ ഡല്‍ഹി ടെസ്റ്റിലായിരുന്നു അത്. അന്ന് 244 പന്തില്‍ നിന്ന് 24 റണ്‍സാണ് അംല നേടിയത്.