വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കൊവിഡ് പിടിപെടുമ്പോള്‍ കണ്ടേക്കാവുന്ന ലക്ഷണങ്ങള്‍

0
533

കൊവിഡ് 19 മഹാമാരി രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ ഇതുവരെക്കും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. വാക്‌സിനേഷന്‍ എത്രയും വേഗത്തില്‍ പരമാവധി പേരില്‍ പൂര്‍ത്തിയാക്കുക എന്നത് മാത്രമാണ് മൂന്നാം തരംഗമുണ്ടായാലും അതിന്റെ തീവ്രത കുറയ്ക്കാന്‍ ആകെ അവലംബിക്കാവുന്ന മാര്‍ഗം.

എന്നാല്‍ രാജ്യത്ത് ആകെ ജനസംഖ്യയുടെ പത്ത് ശതമാനം പോലും ഇതുവരെ വാക്‌സിനേറ്റ് ആയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തില്‍ മൂന്നാം തരംഗഭീഷണിയെ നിസാരമായി കണക്കാക്കാനാവില്ല. എന്ന് മാത്രമല്ല, ജനിതകവ്യതിയനം സംഭവിച്ച വൈറസുകള്‍ ഒരിക്കല്‍ രോഗം വന്നവരിലും വാക്‌സിന്‍ സ്വീകരിച്ചവരിലുമെല്ലാം വീണ്ടും രോഗബാധയുണ്ടാക്കുന്നുമുണ്ട്.

അതിനാല്‍ തന്നെ ഒരിക്കല്‍ രോഗം പിടിപെട്ടവരും, വാക്‌സിനേഷന്‍ പൂര്‍ത്തിയായവരും അടക്കം ഏവരും ഇക്കാര്യത്തില്‍ ജാഗ്രത പാലിച്ചേ മതിയാകൂ. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ അവരില്‍ തീവ്രത കുറഞ്ഞ രീതിയിലേ രോഗബാധയുണ്ടാകൂ എന്നും, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യകത അധികവും ഉണ്ടാകില്ലെന്നുമാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗബാധയുണ്ടായാലും മരണനിരക്കും വളരെ കുറവായിരിക്കുമെന്നും ഇവര്‍ പറയുന്നു.

 

അധികവും ലക്ഷണങ്ങളില്ലാതെയാകാം വാക്‌സിനേറ്റ് ആയവരില്‍ കൊവിഡ് ബാധയുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം. സാധാരണ പോലെ തന്നെ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുകയും ചെയ്യും. ഇനി വാക്‌സിനേറ്റ് ആയവരില്‍ കൊവിഡ് ബാധയുണ്ടായാല്‍ കണ്ടേക്കാവുന്ന ചില ലക്ഷണങ്ങള്‍ കൂടി അറിയാം.

യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ZOE COVID എന്ന ആപ്പ് നല്‍കിയ വിവരങ്ങളാണിവ. കൊവിഡ് ലക്ഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുതുക്കി, ആളുകളിലേക്ക് എത്തിക്കുന്ന ആപ്പ് ആണിത്. നേരത്തെ നമ്മള്‍ മനസിലാക്കിയിട്ടുള്ള കൊവിഡ് ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്ന ലക്ഷണങ്ങള്‍ തന്നെയാണ് അധികവും വാക്‌സിനേറ്റ് ആയവരിലെ രോഗബാധയിലും കാണുന്നത്…

– തലവേദന
– ജലദോഷം
– തുമ്മല്‍
– തൊണ്ടവേദന
– ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ

 

 

പനി, ചുമ എന്നീ കൊവിഡ് ലക്ഷണങ്ങള്‍ വാക്‌സിനേഷനെടുത്തവരില്‍ സാധാരണഗതിയില്‍ കാണില്ലെന്നാണ് ZOE COVID അവകാശപ്പെടുന്നത്. ഇക്കാര്യങ്ങളെല്ലാം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ബാധകം. ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയതായി കണക്കാക്കുവാന്‍ സാധിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here