യോഗി സര്‍ക്കാരിനെ വരച്ചവരയില്‍ നിര്‍ത്തി സുപ്രീംകോടതി; കന്‍വാര്‍ യാത്ര നിര്‍ത്തിവെച്ചു

0
394

ന്യൂദല്‍ഹി: സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ കന്‍വാര്‍ യാത്ര നിര്‍ത്തിവെച്ച് യു.പി. സര്‍ക്കാര്‍.കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും കന്‍വാര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ യു.പി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതി സ്വമേധയ കേസെടുക്കുകയായിരുന്നു.

സംഭവത്തില്‍ വിശദീകരണം ചോദിച്ച് യു.പി സര്‍ക്കാരിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. രാജ്യത്ത് കൊവിഡ് സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് കന്‍വര്‍ യാത്രയ്ക്ക് യു.പി. സര്‍ക്കാര്‍ അനുവാദം നല്‍കിയത്.

കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈയ് 25 മുതല്‍ കന്‍വര്‍ യാത്ര അനുവദിക്കുമെന്നാണ് യു.പി. സര്‍ക്കാര്‍ പറഞ്ഞത്.എന്നാല്‍, കന്‍വാര്‍ യാത്ര റദ്ദാക്കിയില്ലെങ്കില്‍ അതിനായി ഉത്തരവിറക്കും എന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. പൗരന്റെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്നായിരുന്നു കോടതി നടത്തിയ വിമര്‍ശനം.

” പ്രാഥമികമായി ജനങ്ങളുടെ ജീവന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. പൗരന്റെ ജീവിക്കാനുള്ള അവകാശവും ആരോഗ്യവും പരമോന്നതമാണ്. ഈ മൗലികാവകാശങ്ങള്‍ക്ക് താഴെയാണ് മതമടക്കമുള്ള മറ്റേത് വികാരങ്ങളും,” എന്നാണ് കോടതി പറഞ്ഞത്.

ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കാന്‍വാര്‍ യാത്ര ഒരു തരത്തിലും സംഘടിപ്പിക്കരുതെന്നും അങ്ങനെ നടത്തിയാല്‍ ഇതിനെതിരെ ഉത്തരവ് പാസാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യാത്ര റദ്ദാക്കിക്കൊണ്ടുള്ള യു.പി. സര്‍ക്കാറിന്റെ തീരുമാനം വന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here