ന്യൂഡൽഹി∙ കോവിഡ് മൂന്നാം തരംഗം പടിവാതിൽക്കൽ എത്തിനിൽക്കെ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുതെന്ന് കേന്ദ്ര– സംസ്ഥാന സർക്കാരുകളോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). ഈ നിർണായക ഘട്ടത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അധികാരികളും പൊതുജനങ്ങളും കാണിക്കുന്ന അലംഭാവത്തിൽ ഐഎംഎ വേദന പങ്കുവച്ചു. രണ്ടാം തരംഗത്തിന്റെ അതിഭീകര അവസ്ഥയിൽനിന്ന് രാജ്യം പുറത്തിവന്നിട്ടേയുള്ളൂവെന്നും ജാഗ്രത കൈവിടരുതെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി.
‘ഇതുവരെയുള്ള ഏതോരു മഹമാരിയുടെയും ചരിത്രവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിവരങ്ങളും അനുസരിച്ച് മൂന്നാം തരംഗം എന്നത് അനിവാര്യവും ആസന്നവുമാണ്. എന്നാൽ വേദനാജനകമെന്നു പറയട്ടെ, രാജ്യത്തെ സർക്കാരും ജനങ്ങളും കോവിഡ് മാനദണ്ഡങ്ങളൊന്നും മുഖവിലയ്ക്കെടുക്കാതെ കൂട്ടംകൂടുകയാണ്. വിനോദയാത്ര, തീർഥാടനം, മതപരമായ ആഘോഷങ്ങൾ എല്ലാം ആവശ്യമുള്ളവയാണ്. എന്നാൽ കുറച്ചു മാസങ്ങൾ കൂടി കാത്തിരിക്കണം. ഇവയെല്ലാം വീണ്ടും ആരംഭിക്കുന്നതും വാക്സിനേഷനില്ലാതെ ജനങ്ങളെ പ്രവേശിപ്പിക്കുന്നതും മൂന്നാം തരംഗത്തിലേക്കുള്ള സുപ്പർ സ്പെർഡാകാൻ വേദിയൊരുക്കുകയാണ്.
കോവിഡ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിലുള്ള ചെലവിനേക്കാളും എത്രയോ കുറവാണ് ഇത്തരം കൂട്ടംകൂടലുകൾ ഒഴിവാക്കുന്നതിലൂടെയുള്ള സാമ്പത്തിക നഷ്ടം. സാർവത്രിക വാക്സിനേഷനിലൂടെയും കോവിഡിന് അനുയോജ്യമായ പെരുമാറ്റങ്ങൾ പിന്തുടരുന്നതിലൂടെയുമേ മൂന്നാം തരംഗത്തിന്റെ ആഘാതം ലഘൂകരിക്കാനാകൂ എന്നാണ് കഴിഞ്ഞ ഒന്നര വർഷത്തെ അനുഭവം നമ്മളെ പഠിപ്പിച്ചത്.’– ഐഎംഎ പ്രസ്താവനയിൽ വ്യക്തമാക്കി. അടുത്ത രണ്ടു–മൂന്നു മാസങ്ങൾ നിർണായകമാണെന്നും അതിൽ അലംഭാവം കാട്ടാതിരിക്കാമെന്നും ഐഎംഎ ഓർമിപ്പിച്ചു.