മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

0
253

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച കണ്ണൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

മുമ്പ് സമാനമായ സാഹചര്യത്തിൽ മുംബൈ സ്വദേശിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്ക് കേന്ദ്ര സർക്കാർ ഇളവ് നൽകിയ കാര്യം കത്തിൽ ഓർമ്മിപ്പിച്ചു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചത്.

എസ് എം എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ അസുഖം ഒരു ജനിതക രോഗമാണ്. പേശികളുടെ ശക്തി ക്രമേണ കുറഞ്ഞ് വരുന്ന അപൂർവ രോഗമാണ് സ്പൈനൽ മസ്കുലർ അട്രോഫി. കുട്ടികളിൽ വലിയ അപകടമുണ്ടാക്കുന്ന രോഗത്തിന്‍റെ മരുന്നിന് 18 കോടിയോളം രൂപയാണ്.  കേരളത്തിൽ ഈ അപൂർവ രോഗം ബാധിച്ച് 100 പേർ ചികിത്സയിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് ചികിത്സയിലുള്ള  കോഴിക്കോട് സ്വദേശി ഇമ്രാന്‍റെ ചികിത്സാനടപടികൾ ചർച്ച ചെയ്യാനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് മെഡിക്കൽ ബോർഡ് ചേരും. ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈനായാണ് ബോർഡ് ചേരുക. ചികിത്സയിലുള്ള കുട്ടിക്ക് മരുന്ന് എത്തിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമായേക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി നി‍ർദേശപ്രകാരമാണ് ഇമ്രാന്‍റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here