ന്യൂഡല്‍ഹി: മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള വിജ്ഞാപനത്തിനെതിരേ മുസ്ലിം ലീഗിന് പിന്നാലെ സമസ്തയും സുപ്രീം കോടതിയെ സമീപിച്ചു. വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് സമസ്തയുടെ ആവശ്യം. വളഞ്ഞ വഴിയിലൂടെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സമസ്ത ആരോപിക്കുന്നു.
മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയുടെ ലംഘനം ആണെന്നാരോപിച്ചാണ് സമസ്ത അപേക്ഷ നല്‍കിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് നേരത്തെ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് സമസ്ത പുതിയ അപേക്ഷ നല്‍കിയിരിക്കുന്നത്.
1955 ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2009 ല്‍ തയ്യാറാക്കിയ ചട്ടങ്ങള്‍ പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ 1995 ലെ പൗരത്വ നിയമ പ്രകാരം മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ കഴിയില്ല എന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നതായി അപേക്ഷയില്‍ പറയുന്നു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ചു കൊണ്ടാണ് 2019 ലെ നിയമത്തിലെ വ്യവസ്ഥകള്‍ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും സമസ്തയ്ക്ക് വേണ്ടി അഭിഭാഷകന്‍ സുല്‍ഫീക്കര്‍ അലി ഫയല്‍ ചെയ്ത അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങളിലെ അഭയാര്‍ഥികള്‍ക്കാണ് പൗരത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്. ഗുജറാത്ത്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ അഭയാര്‍ഥികളായി താമസിക്കുന്നവര്‍ക്കാണ് പൗരത്വം നല്‍കുന്നത്. മുസ്ലിം ലീഗിന്റെ അപേക്ഷ കഴിഞ്ഞ തവണ പരിഗണനയ്ക്ക് എടുത്തപ്പോള്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് അഭിഭാഷകരായ കപില്‍ സിബലും ഹാരിസ് ബീരാനും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ലീഗിന്റെ അപേക്ഷ തള്ളണമെന്ന് സത്യവാങ്മൂലത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപെട്ടിട്ടുണ്ട്. മെയ് മാസം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിന് പൗരത്വ ഭേദഗതി നിയമവും ആയി ബന്ധമില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.