കൊച്ചി: ആലുവ ആലങ്ങോട് ഗർഭിണിയായ യുവതിയെയും പിതാവിനെയും മർദിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ജൗഹർ, ഭർതൃമാതാവ് സുബൈദ, രണ്ട് സഹോദരിമാർ, ജൗഹറിന്റെ സുഹൃത്ത് എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വനിത കമ്മീഷനും പോലീസിൽനിന്ന് റിപ്പോർട്ട് തേടി.
കഴിഞ്ഞദിവസമാണ് ഗർഭിണിയായ യുവതിക്കും പിതാവിനും മർദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. അഞ്ച് മാസം ഗർഭിണിയായ യുവതിയെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ജൗഹർ മർദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയുടെ പിതാവിനും മർദനത്തിൽ പരിക്കേറ്റു. ഇരുവരും പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. ഇതിനുപിന്നാലെയാണ് ഭർത്താവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരേ ഗാർഹിക പീഡനത്തിനും യുവതിയെ മർദിച്ചതിനും പോലീസ് കേസെടുത്തത്. അതേസമയം, കേസിലെ മുഖ്യപ്രതിയായ ജൗഹർ ഒളിവിൽപോയിരിക്കുകയാണെന്നാണ് പോലീസ് നൽകുന്നവിവരം
കഴിഞ്ഞ ഒക്ടോബറിലാണ് യുവതിയും ജൗഹറും വിവാഹിതരായത്. ഇതിനുശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ജൗഹർ നിരന്തരം മർദിച്ചിരുന്നതായാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. ഗർഭിണിയായിട്ടും മർദനം തുടർന്നു. കഴിഞ്ഞദിവസം യുവതിയെ മതിലിൽ ചാരിനിർത്തി ചവിട്ടിയെന്നും ഇത് തടയാൻ ശ്രമിച്ചതിനാണ് തന്നെ മർദിച്ചതെന്നും യുവതിയുടെ പിതാവ് പറഞ്ഞു.
സ്ത്രീധനത്തിന്റെ പേരിൽ തുടർച്ചയായ അക്രമങ്ങളുണ്ടാകുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് വനിത കമ്മീഷൻ അംഗം ഷിജി ശിവജി പ്രതികരിച്ചു. സംഭവത്തിൽ വനിത കമ്മീഷൻ പോലീസിൽനിന്ന് റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.