ദുബായ്: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കില്ലെന്ന് ദുബായിയുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍.
ഇതോടെ യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിലായിരി്ക്കുകയാണ്. നേരത്തെ ഈ മാസം ഏഴു മുതല്‍ സര്‍വീസ് പുനരാരംഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ് അറിയിച്ചിരുന്നു.
യുഎഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുള്ളവര്‍ എന്നിവര്‍ക്ക് യുഎഇയിലേക്ക് വരാന്‍ അനുമതിയുണ്ട്.
എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ ജൂലായ് 21 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വ്വീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രവാസികള്‍ ഇനിയെന്ന് യുഎഇയിലേക്ക് മടങ്ങാനാകുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.
കോവിഡ് വ്യാപിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്. വിമാനസര്‍വീസുകള്‍ വൈകുന്നതോടെ അവധിക്ക് നാട്ടില്‍ പോയി തിരികെ ജോലിയില്‍ പ്രവേശിക്കാനാവാത്തവരില്‍ പലരും തൊഴില്‍ നഷ്ട ഭീതിയിലാണ്. അര്‍മേനിയ, ഉസ്ബക്കിസ്ഥാന്‍ രാജ്യങ്ങളില്‍ രണ്ടാഴ്ചത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ നിലവില്‍ യുഎഇയിലേക്ക് മടങ്ങാന്‍ അവസരമുള്ളൂ.