പെരുന്നാൾ ദിനത്തിൽ പള്ളികളിലെ പ്രവേശനം; സർക്കാർ നിർദേശം അവ്യക്തത നിറഞ്ഞതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

0
301

മലപ്പുറം: ബലിപെരുന്നാൾ ദിവസം ആരാധനാലയങ്ങൾക്ക് സർക്കാർ നൽകുന്ന ഇളവുകൾ അവ്യക്തത നിറഞ്ഞതാണെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കുരുടൻ ആനയെ കണ്ട പോലെ ഉള്ള അവസ്ഥ ആണ് സർക്കാരിന്റേതെന്നും  സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ-

” സർക്കാർ നിർദേശങ്ങൾ ബലി പെരുന്നാൾ ദിനത്തിലെ ആരാധനാലയങ്ങളിലെ പ്രവേശനം സങ്കീർണമാക്കുകയാണ്.  40 പേരെ പ്രവേശിപ്പിക്കാൻ ആണ് അനുമതി. ഇത് 40 ആയി നിജപ്പെടുത്തുക എന്നത് പ്രായോഗികം അല്ല. ഇത് പ്രയാസകരം ആണ്. പള്ളിയിൽ ഒരു മഹലിൽ തന്നെ  ഇതിൽ ഏറെ ആളുകൾ ഉണ്ടാകും. അവരെ നിയന്ത്രിക്കുക, എളുപ്പം അല്ല. എല്ലാവരും പള്ളിയിൽ പോകാൻ ആഗ്രഹിക്കുന്ന സമയമാണ് ഈദ്. നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ അത് പ്രായോഗികം ആകണം എന്നില്ല.  അങ്ങനെ നിയന്ത്രിക്കുന്നത് നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ”

വാക്സിനേഷൻ നടത്തിയവരെ മാത്രമേ പള്ളികളിൽ പ്രവേശിക്കാൻ അനുവദിക്കൂ എന്ന നിർദേശം മറ്റൊരു പ്രതിസന്ധി ആണ് എന്ന് സാദിഖലി ശിഹാബ് തങ്ങൾ പറയുന്നു.  ” വാക്‌സിൻ കൂടി എടുത്തവർ ആകണം എന്ന് പറയുന്നത്  കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും. അതിന് മാത്രം വാക്സിനേഷൻ നടന്നിട്ടില്ല. വാക്സിൻ കിട്ടാൻ തന്നെ ബുദ്ധിമുട്ട് ആണ് ഇപ്പോൾ.  പള്ളിയിലെ പ്രാർഥനകൾക്ക് കാർമികത്വം വഹിക്കുന്ന ഇമാമുകൾ തന്നെ ഒരു പക്ഷെ വാക്സിനേഷൻ എടുത്തിട്ടുണ്ടാകില്ല. ഇമാം ഇല്ലാതെ എങ്ങിനെ ചടങ്ങുകൾ നടക്കും .. അത് നടക്കില്ല..സർക്കാർ എടുത്ത തീരുമാനത്തിൽ ഏറെ സങ്കീർണത ഉണ്ട്. ഇപ്പോഴത്തെ തീരുമാനം കുരുടൻ ആനയെ കണ്ടപോലെ ഉള്ളത് ആണ് എന്ന് പറയേണ്ടി വരും.. ഇക്കാര്യത്തിൽ സങ്കീർണത ഇല്ലാതെ ആക്കണം എന്നാണ് പറയാൻ ഉളളത് “.

ബലി പെരുന്നാൾ ദിനം സർക്കാർ നൽകിയ ഇളവുകളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിലെ ഉന്നത നേതാവ് തന്നെ രംഗത്ത് വന്നത് വലിയ വിവാദങ്ങൾക്ക് വഴി തുറക്കും. പല മത സംഘടനകളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു.

അതേസമയം സർക്കാർ നിർദേശങ്ങൾ  കർശനമായി പാലിക്കണം എന്ന് മലപ്പുറം ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി ആണ് നിർദേശം . ഫേസ്ബുക് പോസ്റ്റിലെ വിശദാംശങ്ങൾ ഇങ്ങനെ- ബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളിൽ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് മലപ്പുറം ജില്ലാ കളക്ടർ പറഞ്ഞു. ഇവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരോ ആയിരിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ആരാധനാലയങ്ങളിൽ എത്തുന്നവർക്ക് കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തേണ്ടതാണ്. ആരാധനാലയങ്ങളിൽ 40 പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്. ഇത് സംബന്ധിച്ച് വരുന്ന തെറ്റായ വാർത്തകൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നതാണെന്നും കളക്ടർ കെ.ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

ബലികർമ്മം നടക്കുന്ന സമയത്ത് വളരെ കുറച്ച് പേർ മാത്രമേ സ്ഥലത്ത് കൂടാൻ പാടുള്ളൂ. ഇവർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ, വാക്സിനേഷൻ നടത്തിയവരോ ആയിരിക്കണം. ബലികർമ്മം നടത്തിയ മാംസം വീടുകളിലേക്ക് പാർസലായി വിതരണം ചെയ്യുന്നതിനുള്ള സജ്ജീകരണം ബന്ധപ്പെട്ടവർ നടത്തേണ്ടതാണ്.

ബക്രീദിനോടനുബന്ധിച്ച് ഗൃഹ സന്ദർശനം പരമാവധി ഒഴിവാക്കേണ്ടതാണ്. 10 വയസ്സിന് താഴെയുള്ളവരും, 60 വയസ്സിന് മുകളിലുള്ളവരും മറ്റ് അസുഖങ്ങൾ ഉള്ളവരും വീടുകളിൽ നിന്ന് അനാവശ്യമായി പുറത്ത് പോകാൻ പാടില്ല.കടകളിൽ പരമാവധി തിരക്ക് കുറക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും, സാനിറ്റൈസേഷൻ നടത്തുന്നതിന് സൗകര്യം ഏർപ്പെടുത്തേണ്ടതും കൂടാതെ സർക്കാർ പുറപ്പെടുവിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here