പെട്രോളിന് ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്നത് മധ്യപ്രദേശ്; ഡീസലിന്റെ കാര്യത്തില്‍ രാജസ്ഥാന്‍

0
246

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയര്‍ന്ന വില്‍പ്പന നികുതി അല്ലെങ്കില്‍ വാറ്റ് ചുമത്തുന്നത് മധ്യപ്രദേശ്. എന്നാല്‍ ഡീസലിന് ഉയര്‍ന്ന നികുതി ചുമത്തുന്ന കാര്യത്തില്‍ മുന്നിലുള്ളത് രാജസ്ഥാനും. പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്തെ ഇന്ധന വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

പെട്രോള്‍ ലിറ്ററിന്  32.90 രൂപയും ഡീസല്‍ ലിറ്ററിന് 31.80 രൂപയും വീതം എക്‌സൈസ് നികുതിയാണ് കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്നത്. എന്നാല്‍ സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതി ഓരോ ലിറ്റര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നതിന് അനുസരിച്ച് വര്‍ധിക്കുകയും താഴുന്നതിന് അനുസരിച്ച് കുറയുകയും ചെയ്യുന്നതാണ്. 2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി – സെസ് ഇനത്തില്‍ പെട്രോളിന് 1,01,598 കോടിയും ഡീസലിന് 2,33,296 കോടിയുമാണ് പിരിച്ചെടുത്തതെന്ന് പെട്രോളിയം മന്ത്രി ചോദ്യത്തിന് മറുപടിയായി ലോക്‌സഭയെ അറിയിച്ചു.

സംസ്ഥാനങ്ങള്‍ പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയും കേന്ദ്ര നികുതിയും ചേരുന്ന മൊത്തം തുകയ്ക്കുമേലാണ് വാറ്റ് (മൂല്യവര്‍ധിത നികുതി) ചുമത്തുന്നത്. പെട്രോളിനും ഡീസലിനും ഏറ്റവും കുറഞ്ഞ വാറ്റ് നിലവിലുള്ളത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ്. പെട്രോളിന് 4.82 രൂപയും ഡീസലിന് 7.74 രൂപയുമണ് അവിടെ ചുമത്തുന്ന നികുതി. മധ്യപ്രദേശ് ഒരു ലിറ്റര്‍ പെട്രോളിന് 31.55 രൂപ വാറ്റ് ചുമത്തുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജസ്ഥാന്‍ ഡീസലിന്മേല്‍ വാറ്റ് ചുമത്തുന്നത് 21.82 രൂപയാണ്. പെട്രോള്‍ ലിറ്ററിന് രാജസ്ഥാന്‍ 29.88 രൂപ വാറ്റ് ചുമത്തുന്നു. മഹാരാഷ്ട്രാ 29.55 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിനുമേല്‍ ചുമത്തുന്നത്. ഡീസല്‍ ലിറ്ററിനുമേല്‍ ആന്ധ്രാ പ്രദേശ് 21.78 രൂപയും മധ്യപ്രദേശ് 21.68 രൂപയും ഒഡീഷ 20.93 രൂപയും മഹാരാഷ്ട്രാ 20.85 രൂപയുമാണ് വാറ്റ് ചുമത്തുന്നത്.

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 101.54 രൂപയാണ് ചില്ലറ വില്‍പ്പന വില. ഇതില്‍ 32.90 രൂപ കേന്ദ്ര എക്‌സൈസ് നികുതിയും 23.43 രൂപ സംസ്ഥാനം ചുമത്തുന്ന വാറ്റുമാണ്. ഒരു ലിറ്റര്‍ ഡീസലിന്റെ കാര്യത്തില്‍ കേന്ദ്രം ചുമത്തുന്ന എക്‌സൈസ് നികുതി 31.80 രൂപയും 13.14 രൂപ സംസ്ഥാനം ചുമത്തുന്ന വാറ്റുമാണ്. ഇത് രണ്ടും ചേര്‍ന്നാണ് ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 89.87 രൂപ ആകുന്നത്.

2021 ജൂലായ് 16 ലെ കണക്ക് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്‌സൈസ് നികുതി/സെസ് പെട്രോളിന്റെ ചില്ലറ വില്‍പ്പന വിലയുടെ 32.4 ശതമാനവും ഡീസലിന്റെ 35.4 ശതമാനവുമാണെന്നും പെട്രോളിയം മന്ത്രി വ്യക്തമാക്കി. നികുതിയിനത്തില്‍ പിരിച്ചെടുക്കുന്ന തുക വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുന്നതെന്ന് കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു. റോഡ് വികസന പദ്ധതിയായ പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സഡക് യോജന, എല്‍പിജി വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഉജ്വല യോജന, ആയുഷ്മാന്‍ ഭാരത്, പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന തുടങ്ങിയവയ്ക്ക് വേണ്ടിയാണ് തുക ചെലവഴിക്കുന്നത്.

മഹാമാരിക്കാലത്ത് പാവപ്പെട്ടവരെ സഹായിക്കാനും ഈ തുക ചിലവഴിക്കുന്നുണ്ട്. 2020 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 80 കോടി പേര്‍ക്ക് സൗജന്യ റേഷന്‍ നല്‍കി. സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുന്ന കാര്യവും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങള്‍ക്ക് വന്‍ വരുമാനം ഉണ്ടാകുന്നു എന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധന വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ആന്ധ്രാ പ്രദേശാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അയല്‍ സംസ്ഥാനമായ തെലങ്കാന, മധ്യപ്രദേശ് എന്നിവയാണ് തൊട്ടുപിന്നിലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here