കോട്ടയം എലിക്കുളം കൂരാലിയില്‍ വാഹനം കഴുകാനായി മുന്നോട്ടെടുക്കുന്നതിനിടയില്‍ കിണറിന്റെ ആള്‍മറ തകര്‍ത്തു. കിണറിന്റെ മുകളിലെ വലയിലിരുന്ന കുട്ടികളും തകര്‍ന്ന ആള്‍മറയ്ക്ക് ഒപ്പം കിണറ്റിലേയ്ക്ക് വീണു. കൂരാലി ഇലവനാല്‍ ഷബീര്‍ ഇദ്ദേഹത്തിന്റെ ഇന്നോവ കാര്‍ കഴുകുന്നതിനായി മുന്നോടെക്കുമ്പോളാണ് വീട്ട് മുറ്റത്തെ കിണറിന്റെ തിട്ടയില്‍ കാറിടിച്ചത്.
ഈ സമയത്ത് കിണറിന്റെ കെട്ടിന് മുകളില്‍ ഇരിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ മകള്‍ പതിനാല് വയസ്സുകാരിയായ ഷിഫാനയും, ഷബീറിന്റെ ഇളയ സഹോദരന്റെ മകന്‍ മുഹമ്മദ് മുഹ്‌സിനും. വാഹനം ഇടിച്ചതോടെ കിണറിന്റെ കെട്ടും, മുകളില്‍ സ്ഥാപിച്ച വലയും തകര്‍ന്നത്. കുട്ടികള്‍ ഈ വലയ്ക്ക് മുകളിലാണ് ഇരുന്നത്. കുട്ടികള്‍ കിണറ്റില്‍ വീഴുന്നത് കണ്ട \ഷബീറിന്റെ മൂത്ത സഹോദരന്‍ സക്കീര്‍ ഹുസൈന്‍ മൗലവി ഉടനെ തന്നെ കിണറ്റിലിറങ്ങി. കുട്ടികളെ സുരക്ഷിതരാക്കി.
മോട്ടര്‍ ഘടിപ്പിച്ചിരിക്കുന്ന പൈപ്പിലൂടെയാണ് ഇദ്ദേഹം കിണറ്റില്‍ ഇറങ്ങിയത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഷിഫാനെ രക്ഷിച്ചു. പിന്നീട് കാഞ്ഞിരപ്പള്ളിയില്‍ നിന്നും അഗ്‌നി രക്ഷാ സേനയെത്തിയാണ് സക്കീര്‍ ഹുസൈനെയും,മുഹമ്മദ് മുഹ്‌സിനെയും കരയ്‌ക്കെത്തിച്ചത്. അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ല. വന്‍ ദുരന്തമാണ് ഒഴിവായത്.