ദില്ലി: കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് മൂന്നാം തരംഗത്തിന് കാരണമായേക്കുമെന്ന് ആശങ്ക. കേരളത്തിലെ ഒൻപത് ജില്ലകളിൽ ഉൾപ്പടെ 47 ഇടങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ അധികമാണെന്ന് കേന്ദ്രം അറിയിച്ചു. വാക്സിനേഷൻ രാഷ്ട്രീയ ആയുധമാക്കരുത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ലോക്സഭയിൽ പറഞ്ഞു.
കേരളം, മണിപ്പൂർ, രാജസ്ഥാൻ, മിസോറം, നാഗാലാൻഡ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് കുറയാത്തതാണ് ആശങ്ക സൃഷ്ടിക്കുന്നത്. പ്രാദേശികമായ നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിലായില്ലെങ്കിൽ ഇത് പുതിയ തരംഗത്തിന് കാരണമായേക്കുമെന്നാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
47 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണ്. 55 എണ്ണത്തിൽ അഞ്ചു ശതമാനത്തിനും പത്ത് ശതമാനത്തിനും ഇടയിലും. രാജസ്ഥാനിലെ ജയ്സാൽമീറിലാണ് ഏറ്റവും കൂടിയ പോസിറ്റിവിറ്റി നിരക്ക്. കേരളത്തിലെ മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശർ ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇതിനിടെ കൊവിഡ് വന്നുപോയവരിൽ ചിലരുടെ കരളിൽ അസാധാരണമായ അണുബാധ രൂപപ്പെടുന്നതായി ആരോഗ്യ വിദഗ്ധർ കണ്ടെത്തി. സ്റ്റിറോയിഡിന്‍റെ ഉപയോഗമാവാം ഇതിന് കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ മാത്രം രണ്ട് മാസത്തിനിടെ ഇതേ രോഗലക്ഷണമുള്ള 14 രോഗികൾ എത്തിയതായി ഡോക്ടർമാർ പറഞ്ഞു.
രാജ്യത്തിന് ഇന്ന് കൊവിഡിൽ ആശ്വാസത്തിന്‍റെ കണക്കാണ്. പ്രതിദിന രോഗികളുടെ എണ്ണം ഇന്നലത്തേതിനേക്കാൾ 14.5 ശതമാനം കുറവാണ്. 24 മണിക്കൂറിനിടെ 35,342 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2.12 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 483 പേർ മരിച്ചു. 38,470 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 42 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു. വാക്സിനേഷന്‍റെ കാര്യത്തിൽ രാഷ്ട്രീയം കലർത്താതെ ഒന്നിച്ചു നിൽക്കണമെന്ന് ആരോഗ്യ മന്ത്രി പാർലമെന്‍റിൽ പറഞ്ഞു.