ഐഎൻഎൽ തർക്കത്തിൽ നിലപാട് കടുപ്പിച്ച് സിപിഐഎം. ഇരു വിഭാഗങ്ങളും ഒന്നിച്ചു നിന്നാൽ മുന്നണിയിൽ തുടരാമെന്ന് സിപിഐഎം. ഏതെങ്കിലും ഒരു വിഭാഗത്തിന് പിന്തുണ നൽകേണ്ടതില്ലെന്നുമാണ് സിപിഐഎംനിലപാട്.
ഐഎൻഎല്ലിൽ പിഎസ്‌സി കോഴയാരോപണം ഉൾപ്പെടെ ഉയർന്നപ്പോൾ തന്നെ സിപിഐഎം നിലപാട് വ്യക്തമാക്കിയതാണ്. ഒടുവിൽ പാർട്ടിക്കകത്തെ പോര് തെരുവിലേക്കെത്തി. പിന്നാലെ മുന്നണിക്കും സർക്കാരിനും ദോഷമാകുന്ന തരത്തിലുള്ളഐഎൻഎല്ലിലെ തർക്കത്തിൽ സിപിഐഎം നിലപാട് കടുപ്പിച്ചു. ഇരു വിഭാഗങ്ങളായി പിരിഞ്ഞ സംഘടനയിൽ ഒരു വിഭാഗത്തിനും പിന്തുണ നല്‌കേണ്ടതില്ലെന്നാണ് സിപിഐഎം തീരുമാനം. ഒന്നിച്ചു നിന്നാൽ മുന്നണിയിൽ തുടരാമെന്നും ഇതിനോടകം സിപിഐഎം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഐഎൻഎൽ പിളർന്നിട്ടില്ലെന്നും ഭൂരിഭാഗം ജില്ലാ നേതൃത്വങ്ങളും പോഷക സംഘടനകളും തങ്ങൾക്കൊപ്പമാണെന്നുമുള്ള അവകാശ വാദവുമായി ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ രംഗത്തെത്തി.
ഇന്നലെയാണ് കൊച്ചിയിൽ ചേർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗം കയ്യാങ്കളിയിൽ കലാശിച്ചത്. മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത യോഗത്തിലാണ് സംഭവം. രണ്ട് വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളലുമുണ്ടായി. യോഗം ചേർന്ന ഹോട്ടലിന് മുന്നിലും പ്രവർത്തകർ ഏറ്റുമുട്ടി.
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള ഐഎൻഎൽ യോഗം നേരത്തേ തന്നെ വിവാദമായിരുന്നു. സെൻട്രൽ പൊലീസ് നൽകിയ നോട്ടിസ് അവഗണിച്ച് സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം. പാർട്ടിക്കുള്ളിലെ വിഭാഗീയത തുറന്നു കാട്ടുന്നതായിരുന്നു യോഗത്തിലെ സംഭവ വികാസങ്ങൾ. രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങളോട് നിങ്ങൾ ഏത് പാർട്ടിക്കാരാണെന്നും പാർട്ടിയെ പൊളിക്കാൻ ശ്രമം നടത്തുകയാണോ എന്നും ചോദിച്ചതായി ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു. ഇതേ തുടർന്ന് തർക്കവും വാക്കേറ്റവും ഉടലെടുത്തു. സംഘർഷം ഹോട്ടലിന് പുറത്തേക്ക് നീണ്ടതോടെ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. അസിസ്റ്റന്റ് കമ്മിഷണർ എത്തിയ ശേഷമാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ പുറത്തിറങ്ങിയത്.
ഇതിന് പിന്നാലെ ഐഎൻഎൽ സംസ്ഥാന കമ്മിറ്റി പിളർന്നു. സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിൽ ആലുവയിൽ യോഗം ചേർന്നു. തോപ്പുംപടിയിൽ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലും യോഗം ചേർന്നു. ആറ് പേരെ പുറത്താക്കണമെന്നാണ് അവേയബിൾ സെക്രട്ടേറിയേറ്റിന്റെ തീരുമാനം. സമാന്തര യോഗങ്ങളിൽ തീരുമാനമെടുത്തു. കാസിം ഇരിക്കൂറിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അതേസമയം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എ പി അബ്ദുൾ വഹാബിനെ മാറ്റാൻ ദേശീയ നേതൃത്വം തീരുമാനിച്ചു. ബി ഹംസ ഹാജിക്കാണ് വർക്കിംഗ് പ്രസിഡന്റിന്റെ ചുമതല.