ഉപ്പള: കഞ്ചാവ്-എം.ഡി സംഘത്തെ കുറിച്ച് പോലീസിന് വിവരം നൽകിയെന്ന് ആരോപിച്ച് അജ്ഞാതരായ ഒരു സംഘം ഗുണ്ടകൾ വീട്ടിൽ നിർത്തിയിട്ട കാർ തകർത്ത നിലയിൽ. ഉപ്പള ഹിദായത്ത് നഗർ, ഷെയ്ഖ് അഹ്മദ് റോഡിലെ യു.കെ അബ്ദുല്ലയുടെ മകനും, ഡി.വൈ.എഫ്.ഐ. പ്രവർത്തകനുമായ തൻഷീറിന്റെ കാറാണ് അക്രമി സംഘം തകർത്തത്. ഇന്നലെ രാത്രി ഒരു സംഘം ആളുകൾ ഈ പ്രദേശത്തെ ഒരു ഒഴിഞ്ഞ ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നതായി പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം ഈ പ്രദേശം റെയ്ഡ് ചെയ്തിരുന്നു. ഇതിൽ അരിശം പൂണ്ട ചിലരാണ് അക്രമത്തിന് പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നു.
ഉപ്പളയിലും പരിസര പ്രദേശങ്ങളിലും മയക്കു മരുന്ന് മാഫിയ പിടി മുറുക്കുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു. ഒരു മാസത്തിനിടെ ഒരു കോടിയിലധികം രൂപയുടെ മയക്കു മരുന്നാണ് ഉപ്പളയിലെ കണ്ണികളിൽ നിന്നും പോലീസ് കണ്ടെടുത്തത്. സ്ത്രീകളടക്കം നിരവധി പേർ ഇതിന്റെ കണ്ണികളാണ്. കോളേജ് വിദ്യാർത്ഥികളാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കൾ. ആക്രമി സംഘത്തിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
സി.എച്. കുഞ്ഞമ്പു എം.എൽ.എ, എ.കെ.എം അഷ്‌റഫ് എം.എൽ.എ ജില്ലാ പോലീസ് മേധാവിയോട് മയക്കു മരുന്ന് മാഫിയയെ നിലക്ക് നിർത്താൻ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. തൻഷീറിന്റെ വീട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രിസാന സാബിർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ റഹ്മാൻ, ക്ഷേമ കാര്യ ചെയർമാൻ ഹുസൈൻ ബൂൺ, ആരോഗ്യ -വിദ്യാഭ്യാസ ചെയർപേഴ്സൺ ഇർഫാന ഇഖ്ബാൽ, ഉപ്പള ടൗൺ മെമ്പർ ടി.എ ശെരിഫ്, ഹിദായത്ത് നഗർ ക്ലബ് പ്രവർത്തകർ, പൊതുപ്രവർത്തകർ സന്ദർശിച്ചു.