തിരുവനന്തപുരം: പ്രളയാനന്തര കേരള പുനർനിർമാണത്തിനായി ചരക്ക്സേവനനികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് ജൂലൈ 31ന് അവസാനിക്കും.
2019 ആഗസ്റ്റ് ഒന്ന് മുതലാണ് രണ്ട് വർഷത്തേക്ക് സെസ് നടപ്പാക്കിയത്. അഞ്ച് ശതമാനത്തിൽ അധികം നികുതിയുള്ള ചരക്ക്- സേവനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിന് 0.25 ശതമാനവും ആയിരുന്നു ചുമത്തിയിരുന്നത്.
ജൂലൈ 31ന് ശേഷം നടത്തുന്ന വിൽപനകൾക്ക് സെസ് ഈടാക്കാതിരിക്കാൻ വ്യാപാരികൾ ബില്ലിങ് സോഫ്റ്റ്‌വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമീഷണർ അഭ്യർഥിച്ചു. 1200 കോടിയാണ് സെസ് വഴി ഇൗടാക്കാൻ ലക്ഷ്യമിട്ടത്. ലക്ഷ്യം മാസങ്ങൾക്ക് മുമ്പുതന്നെ കൈവരിച്ചിരുന്നു.
പ്രളയ സെസ് പിൻവലിക്കുേമ്പാൾ ഒരു പവൻ സ്വർണത്തിന് 90 രൂപ കുറയും. അഞ്ച് ലക്ഷം രൂപ വിലയുള്ള കാറിന് 5000 രൂപയും കുറയും.
വാഹനങ്ങൾക്ക് പുറമെ ,മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ, ടി.വി, റഫ്രിജറേറ്റർ, മൈക്രോവേവ് അവ്ൻ, മിക്സി,വാഷിങ് മെഷീൻ, വാട്ടർ ഹീറ്റർ, ഫാൻ, പൈപ്പ്, മെത്ത,ക്യാമറ, മരുന്നുകൾ, 1000 രൂപയിൽ കൂടുതൽ വിലയുള്ള തുണികൾ, കണ്ണട, ചെരുപ്പ്, ബാഗ്, സിമന്‍റ, പെയ്ന്റ്, മാർബിൾ, ടൈൽ, ഫർണിച്ചർ, വയറിങ് കേബിൾ, ഇൻഷുറൻസ്, സിനിമ ടിക്കറ്റ് തുടങ്ങിയവയക്ക് ഒരു ശതമാനം വിലയാണ് കുറയുക